വിധിയെ സ്വാഗതം ചെയ്യുന്നുവെന്നു കപില്‍ സിബല്‍

single-img
3 February 2012

പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനോ 2 ജി സ്‌പെക്ട്രം ഇടപാടില്‍ പങ്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍. വിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. കോടതി വിധിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കപില്‍ സിബല്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
2ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി, വിവാദത്തെത്തുടര്‍ന്നുണ്ടായ അവ്യക്തത പരിഹരിക്കാന്‍ സഹായകമാണെന്നു സിബല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ യും ധനമന്ത്രിയുടെയും ഓഫീ സില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ രാജ സ്വീകരിച്ചില്ല. എന്‍ഡിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന നയങ്ങളാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്നത്. അതുകൊണ്ടു ബിജെപി ചിദംബരത്തിനെതിരേ പ്രസ്താവന നടത്തുന്നതു ശരിയല്ല.

എന്‍ഡിഎ സര്‍ക്കാരിന്റെ ടെലികോം നയങ്ങള്‍ക്കു പോരായ്മകളുണ്ടായിരുന്നു. ലേലം നടത്താതെ ലൈസന്‍സ് നല്‍കുന്ന രീതി തുടങ്ങിവച്ചത് എന്‍ഡിഎ സര്‍ക്കാരാണ്.

ഇക്കാര്യത്തില്‍ ബിജെപി ജനങ്ങളോടു കുറ്റസമ്മതം നടത്തണമെന്നു സിബല്‍ ആവശ്യപ്പെട്ടു. ട്രായ് ശിപാര്‍ശകളനുസരിച്ചു പുതിയ ലേലം നടത്തും. ലൈസന്‍സ് റദ്ദാക്കുന്നത് നിലവിലെ സേവനങ്ങളെ ബാധിക്കില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.