കോടതി അലക്ഷ്യം: ഗീലാനിക്ക് എതിരേ കുറ്റം ചുമത്തും

single-img
3 February 2012

കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി ഗീലാനിക്ക് എതിരേ കുറ്റം ചുമത്താനുള്ള സുപ്രീംകോടതി തീരുമാനം പാക് സര്‍ക്കാരിന്റെ നിലനില്‍പ്പിനു ഭീഷണിയായി. ഗീലാനിക്ക് എതിരേ പ്രഥമദൃഷ്ട്യാ കേസുണെ്ടന്നു കോടതി നിരീക്ഷിച്ചു. തുടര്‍നടപടികള്‍ക്കായി ഈ മാസം 13നു നേരിട്ടു ഹാജരാവണമെന്ന് ജസ്റ്റീസ് നാസിര്‍ ഉല്‍ മുലുകിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ സുപ്രീംകോടതി ബെഞ്ച് ഇന്നലെ ഗീലാനിക്ക് നിര്‍ദേശം നല്‍കി. അന്ന് അദ്ദേഹത്തിന് എതിരേയുള്ള ചാര്‍ജ്ഷീറ്റ് തയാറാക്കും.

കോടതിയലക്ഷ്യത്തിന് ആറുമാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ശിക്ഷ ലഭിച്ചാല്‍ ഗീലാനി രാജിവയ്‌ക്കേണ്ടിവരും. അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാരില്‍ ഔദ്യോഗിക പദവികള്‍ വഹിക്കാനുമാവില്ല. എന്നാല്‍ അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം കിട്ടുമെന്ന് ഗീലാനിയുടെ വക്കീല്‍ അയ്താസ് അഹ്‌സന്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. കോടതി ഉത്തരവു നടപ്പാക്കാന്‍ സൈന്യം ഇടപെട്ടേക്കുമെന്നും ആശങ്കയുണ്ട്.

പ്രസിഡന്റ് സര്‍ദാരിയുടെ സ്വിസ്ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം തേടി സ്വിസ് അധികൃതര്‍ക്കു കത്തെഴുതാന്‍ ഗീലാനി വിസമ്മതിച്ചതാണ് കോടതിയലക്ഷ്യക്കേസിനു കാരണം. മുഷാറഫ് പുറപ്പെടുവിച്ച ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് പ്രകാരം സര്‍ദാരി ഉള്‍പ്പെടെ 8000ത്തോളം പേരുടെ അഴിമതിക്കേസുകള്‍ മരവിപ്പിച്ചിരുന്നു.

എന്നാല്‍, ഈ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി സര്‍ദാരിക്ക് എതിരേയുള്ള കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.