ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ എസ്‌ഐക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍

single-img
3 February 2012

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഹൈടെക്‌സെല്‍ എസ്‌ഐ. ബിജുസലിമിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഐപിസി 409,465,468,471,379 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മോഷണം, വ്യാജരേഖ ചമയ്ക്കല്‍,വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യ രേഖകള്‍ മാധ്യമം വാരികയ്ക്ക് ചോര്‍ത്തി കൊടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ബിജു സസ്‌പെന്‍ഷനിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ആസ്ഥാനത്തെ എഐജി കോറി സഞ്ജയ് കുമാര്‍ ഇന്നലെ ഡിജിപിക്ക് സംഭവം സംബന്ധിച്ച് അന്വേഷിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒരേ സമയം മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്ന ബിജുസലീമിന് മതമൗലിക വാദികളുമായി ബന്ധമുണെ്ടന്ന് എഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ മതമൗലിക വാദികളായ പലരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.