നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസിയുടെ വിലക്ക്

single-img
2 February 2012

കോണ്‍ഗ്രസിനുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വിവാദവിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ കെപിസിസി പ്രസിഡന്റെന്ന നിലയില്‍ താന്‍ മുന്‍കൈയെടുത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ എഐസിസിയുടെ വിലക്ക് നിലവിലുള്ളതാണെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. വിലക്കേര്‍പ്പെടുത്താന്‍ താമസിച്ചുപോയെന്ന അഭിപ്രായമില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

കണ്ണൂരിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. നിലവിലെ വിവാദങ്ങളുടെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് ആരില്‍ നിന്നും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഈ വിഷയം പോസ്റ്റുമോര്‍ട്ടം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന മറുപടിയില്‍ ചെന്നിത്തല പ്രതികരണം ഒതുക്കി.

വക്കം കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് റിപ്പോര്‍ട്ട് തന്റെ കൈയ്യിലിരിക്കുകയാണെന്നും ഇത് ചോര്‍ന്നുകിട്ടാത്തതിലുള്ള വിഷമമാണ് മാധ്യമങ്ങള്‍ക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.