അന്തരിച്ച ഗവര്‍ണറോട് സര്‍ക്കാര്‍ അനാദരവ് കാട്ടി

single-img
2 February 2012

കഴിഞ്ഞ ആഴ്ച അന്തരിച്ച ഗവര്‍ണര്‍ എം.ഒ.എച്ച്.ഫറൂഖിനോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയതായി ആക്ഷേപം. ഗവര്‍ണറുടെ മരണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം കഴിയുന്നതിന് മുമ്പ് സര്‍ക്കാര്‍ ആഘോഷപൂര്‍വം പൊതുപരിപാടി സംഘടിപ്പിച്ചുവെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംസ്ഥാന സ്വയം സംരഭക മിഷന്റെ ഉദ്ഘാടനച്ചടങ്ങാണ് സര്‍ക്കാര്‍ ആഘോഷപൂര്‍വം നടത്തിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു. ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റിലെ ദേശീയ പതാക ഇന്നും പകുതി താഴ്ത്തിക്കെട്ടിയ നിലയിലാണ്. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നത്.