ടു ജി സ്‌പെക്ട്രം വിതരണം സുപ്രീംകോടതി റദ്ദാക്കി

single-img
2 February 2012

അഴിമതി ആരോപണത്തിലൂടെ വിവാദമായ ടു ജി സ്‌പെക്ട്രം വിതരണം സുപ്രീംകോടതി റദ്ദാക്കി. മുന്‍ ടെലികോം മന്ത്രി എ. രാജയുടെ കാലത്ത് വിതരണം ചെയ്ത ലൈസന്‍സുകളാണ് റദ്ദാക്കിയത്. നിയമവിരുദ്ധമായിട്ടാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്നും അയോഗ്യരായ കമ്പനികളും ലൈസന്‍സുകള്‍ കരസ്ഥമാക്കിയിട്ടുണ്‌ടെന്നും വിലയിരുത്തിയാണ് കോടതിയുടെ വിധിപ്രഖ്യാപനം. കേന്ദ്രസര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കുന്നതാണ് കോടതി വിധി.

122 ലൈസന്‍സുകളില്‍ 85 എണ്ണവും അയോഗ്യരായ കമ്പനികളുടെ കൈകളിലാണ് എത്തിയതെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ലൈസന്‍സ് ലഭിച്ച കമ്പനികള്‍ക്ക് ഇത് നിലനിര്‍ത്താന്‍ നാല് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി വിപണി വില അനുസരിച്ച് കൂടുതല്‍ തുക നല്‍കി സ്‌പെക്ട്രം നിലനിര്‍ത്താം. അല്ലാത്തപക്ഷം ടെലികോം റെഗുലേറ്ററി അഥോറ്റിയുടെ മേല്‍നോട്ടത്തില്‍ ടു ജി സ്‌പെക്ട്രത്തിന്റെ ലേലം വീണ്ടും നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് കരസ്ഥമാക്കിയ കമ്പനികള്‍ക്ക് 50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ പിഴയും ചുമത്തിയിട്ടുണ്ട്. പിഴതുകയുടെ 50 ശതമാനം സുപ്രീംകോടതി സ്വീകരിച്ച ശേഷം ബാക്കി തുക സൈനികരുടെ ക്ഷേമത്തിനായി പ്രതിരോധവകുപ്പിന് നല്‍കും. സുപ്രീംകോടതിയില്‍ ലഭിക്കുന്ന പിഴതുക പാവപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി വിനിയോഗിക്കും.

സുബ്രഹ്മണ്യം സ്വാമിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നല്‍കിയ ഹര്‍ജികളിലായിരുന്നു കോടതി വിധി. ജസ്റ്റീസുമാരായ ജി.എസ്. സിംഗ്‌വിയും എ.കെ. ഗാംഗുലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. എ.കെ. ഗാംഗുലി ഇന്ന് വിരമിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികളില്‍ ഒരുമിച്ച് തീരുമാനം വ്യക്തമാക്കുകയായിരുന്നു. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വീഡിയോകോണിന് ലഭിച്ച 21 ലൈസന്‍സുകളും സ്വാന്‍ ടെലികോം കരസ്ഥമാക്കിയ 13 ലൈസന്‍സുകളും ഐഡിയ സ്വന്തമാക്കിയ 9 ലൈസന്‍സുകളും ടാറ്റയ്ക്ക് ലഭിച്ച 3 ലൈസന്‍സുകളും ലൂപ് സ്റ്റാന്‍ഡ്‌സിന് ലഭിച്ച 21 ലൈസന്‍സുകളും റദ്ദാക്കപ്പെടും. ഒന്‍പത് കമ്പനികള്‍ക്കായി വിതരണം ചെയ്ത 122 സ്‌പെക്ട്രം ലൈസന്‍സുകളാണ് റദ്ദാക്കിയത്.