വിശ്വാസലക്ഷങ്ങള്‍ക്കത്ഭുതമായി ശഅ്‌റേ മുബാറക് • ഇ വാർത്ത | evartha
Muslim, Religion

വിശ്വാസലക്ഷങ്ങള്‍ക്കത്ഭുതമായി ശഅ്‌റേ മുബാറക്

പ്രവാചകന്‍ തിരു മുഹമ്മദ് നബി(സ്വ)യുടെ തിരുകേശം സൂക്ഷിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. മര്‍ക്കസുസ്സാഖഫത്തിസുന്നിയ്യയുടെ കീഴില്‍ 12 ഏക്കര്‍ സ്ഥലത്തായി വ്യാപിക്കുന്ന ശഅ്‌റേ മുബാറക് ദേവാലയത്തിന്റെ തറക്കല്ലിടല്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നുവരി 30 ന് നടന്നിരുന്നു.

പൈതൃക വാസ്തുശാസ്ത്ര രീതിയും മുഗള്‍ രീതിയും കോര്‍ത്തിണക്കി രണ്ടരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിലാണ് പ്രവാചകന്‍ തിരു മുഹമ്മദ് നബി(സ്വ)യുടെ പൈതൃകമായി കൈമാറിവരുന്ന തിരുകേശം സൂക്ഷിക്കുന്നത്. ഇന്തോ-സാരസന്‍ ശൈലിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ മദ്ധ്യഭാഗത്തായി, ഏറ്റവും ഉയരം കൂടിയ താഴികക്കുടത്തിനു താഴെയാണ് ഈ തിരുകേശം സൂക്ഷിക്കുന്നത്.

പ്രവാചകനില്‍ നിന്നും നേരിട്ടും ശേഷം പാരമ്പര്യ രീതിയിലൂടെയും കൈമാറിവന്ന തിരുകേശങ്ങളില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ മര്‍ക്കസില്‍ സൂക്ഷിക്കുന്നത്. ആറു വര്‍ഷമായി മര്‍ക്കസില്‍ പ്രപവാചകന്റെ രണ്ടു തിരുകേശങ്ങളെ ഉണ്ടായിരുന്നുള്ളു. ദുബൈയിലെ ഡോ. അഹ്മദ് മുഹമ്മദ് ബിന്‍ ഹസന്‍ മര്‍ക്കസിന്റെ 35-ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരു തിരുകേശം മര്‍ക്കസിനു കൈമാറിയത്.

40 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഈ ദേവാലയത്തിന്റെ നര്‍മ്മിതിക്കാവശ്യമായ ധനസമാഹരണം ആരംഭിച്ചിട്ടുണ്ടെന്ന് മര്‍ക്കസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിശ്വാസികള്‍ക്ക് ആയിരം രൂപ നല്‍കി ദേവാലയ നിര്‍മ്മാണത്തില്‍ പങ്കാളയാകാം. തിരു നബി(സ്വ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ന് ഈ തുക സമാഹരിക്കുകയാണ് മര്‍ക്കസിന്റെ ലക്ഷ്യം.