ഫ്‌ളോറിഡയില്‍ റോംനി ഗിന്‍ഗ്രിച്ചിനെ തറപറ്റിച്ചു

single-img
1 February 2012

ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഉജ്വല വിജയം നേടി മുന്‍ മാസച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഒരു പടികൂടി അടുത്തു. റോംനിക്ക് 46% വോട്ടു കിട്ടിയപ്പോള്‍ മുഖ്യ എതിരാളി ന്യൂട്ട് ഗിന്‍ഗ്രിച്ചിന് 32% വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.റിക് സാന്റോറം, റോണ്‍ പോള്‍ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.

ഇതിനകം നാലു സംസ്ഥാനങ്ങളില്‍ നടന്ന മത്സരത്തില്‍ ന്യൂഹാംഷയര്‍, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ജയിച്ച റോംനി അയോവയിലും സൗത്ത്കരോളൈനയിലും രണ്ടാംസ്ഥാനം നേടി.എന്നാല്‍ മത്സരത്തില്‍നിന്നു പിന്മാറുന്ന പ്രശ്‌നമില്ലെന്നും തുടര്‍ന്നു വരുന്ന പ്രൈമറികളിലും കോക്കസുകളിലും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നും ഗിന്‍ഗ്രിച്ച് വ്യക്തമാക്കി. സൗത്ത് കരോളൈനയില്‍ ഗിന്‍ഗ്രിച്ച് റോംനിയെ പരാജയപ്പെടുത്തിയിരുന്നു.

ശനിയാഴ്ച നെവാഡയിലെ കോക്കസില്‍ ഇനി ഇരുവരും മാറ്റുരയ്ക്കും. ചൊവ്വാഴ്ച കോളറാഡോയിലും മിനിസോട്ടയിലും കോക്കസുകളും മിസൂറിയില്‍ പ്രൈമറിയും നടക്കും.ഫ്‌ളോറിഡയിലെ വിജയവാര്‍ത്ത അറിഞ്ഞശേഷം റോംനി നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ഒബാമയെ രൂക്ഷമായി വിമര്‍ശിച്ചു. സൈനികബലം കുറയ്ക്കാനും വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാനുമുള്ള ഒബാമയുടെ നീക്കത്തെ അപലപിച്ച റോംനി യുഎസ് സമ്പദ്്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തു.