കെഎസ്‌യു സംസ്ഥാന നേതാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ അനുമതി തേടി

single-img
1 February 2012

പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എസ്. സജികുമാര്‍ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അനുമതി തേടി.

പരിയാരം പോലീസ് ചാര്‍ജ് ചെയ്ത അക്രമക്കേസിലെ പ്രതിയായ റിജില്‍മാക്കുറ്റി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ അനുമതി തേടിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും റിജില്‍മാക്കുറ്റിയുടെ പേരില്‍ സ്വത്തില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല.

2011 ജൂണ്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ് യുവിന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിയിട്ട് പോലീസുകാര്‍ക്കുനേരേ കല്ലെറിയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നു കാണിച്ചാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിജില്‍ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂര്‍, പി.കെ. ദിനൂപ്, ചിന്തു ഭാസ്‌ക്കരന്‍, വി. രാഹുല്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേയുമായിരുന്നു കേസ്.

ഇതില്‍ റിജില്‍ മാക്കുറ്റിയും തളിപ്പറമ്പിലെ രാഹുലും ഒഴികെ മറ്റു മൂന്നുപ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. റിജില്‍മാക്കുറ്റിയെ കൂടാതെ കോടതിയില്‍ ഹാജരാകാത്ത രാഹുലിനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ അനുമതി തേടിയിട്ടുണ്ട്.