നാനാവതി-മേത്ത കമ്മീഷന് മുന്‍പില്‍ നരേന്ദ്രമോഡി ഹാജരാകേണ്‌ടെന്ന് ഹൈക്കോടതി

single-img
1 February 2012

2002 ലെ ഗുജറാത്ത് കലാപക്കേസ് അന്വേഷിക്കുന്ന നാനാവതി-മേത്ത കമ്മീഷന്‍ മുന്‍പാകെ മുഖ്യമന്ത്രി നരേന്ദ്രമോഡി ഹാജരാകേണ്‌ടെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. മോഡിയെ വിളിച്ചുവരുത്തി തെളിവെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ സംഘമായ ജന സംഘര്‍ഷ് മഞ്ചും കലാപത്തിന്റെ ഇരകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് മോഡിയെ വിളിച്ചുവരുത്തുകയോ ക്രോസ് വിസ്താരം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസുമാരായ അഖില്‍ ഖുറേഷിയും സോണിയ ഗോഖാനിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് മോഡിക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജന സംഘര്‍ഷ് മഞ്ച് അഭിഭാഷകന്‍ മുകുള്‍ സിന്‍ഹ പറഞ്ഞു.

നേരത്തെ ആവശ്യമുന്നയിച്ച് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന ജസ്റ്റീസുമാരായ ജി.ടി നാനാവതിയും അക്ഷയ് മേത്തയും അടങ്ങുന്ന കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും കമ്മീഷനും ഈ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ്.കെ. മുകോപാധ്യായ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ആദ്യം ഹര്‍ജിയില്‍ വാദം കേട്ടിരുന്നതെങ്കിലും ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തോടെ പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.