നടപടിയില്‍ ഉറച്ചു നില്‍ക്കും: മുഖ്യമന്ത്രി

single-img
1 February 2012

നിയമവ്യവസ്ഥ ആരു ലംഘിച്ചാലും അവര്‍ക്കെതിരേ കര്‍ക്കശ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കുമോ എന്ന ചോദ്യത്തിനു നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു വ്യക്തമാക്കുന്ന മറുപടിയാണു മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി നല്‍കിയത്.

നിയമത്തിനും ചട്ടത്തിനും മുന്‍പില്‍ മുഖ്യമന്ത്രിയെന്നോ എംപിയെന്നോ വ്യത്യാസമില്ല. പൊതു പ്രവര്‍ത്തകരെയാരെയും താന്‍ ആക്ഷേപിച്ചിട്ടില്ല. താന്‍ അനീതി കാട്ടിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ എംപിയുടെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചങ്ങനാശേരിയില്‍ ചട്ടം ലംഘിച്ച പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കു ചില വ്യവസ്ഥകളും നിബന്ധനകളുമുണ്ട്. പോലീസുകാര്‍ക്കു പോസ്റ്റര്‍ പതിക്കുന്നതിനും പബ്ലിസിറ്റിക്കും ചില നിബന്ധനകളുണ്ട്. ഇതിനുള്ളില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ നടപടി തുടരും.

മാറാട് രണ്ടാം കലാപ കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചിരുന്നു. എന്നാല്‍, സിബിഐ അന്വേഷണം ഏറ്റെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.