കെ. സുധാകരനു കടുത്ത വിമര്‍ശനം

single-img
31 January 2012

ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യമായി വിമര്‍ശിച്ച കെ. സുധാകരനെതിരേ എ ഗ്രൂപ്പും പരമ്പരാഗത ഐ ഗ്രൂപ്പും ഒരുങ്ങിയിറങ്ങി. സുധാകരനെതിരേയും മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നശിപ്പിച്ചവര്‍ക്കെതിരേയും കെപിസിസി നടപടി സ്വീകരിക്കണമെന്ന് ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശാല ഐ ഗ്രൂപ്പിനുള്ളിലും സുധാകരവിഭാഗത്തിന്റെ നീക്കങ്ങള്‍ അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാക്കിയിട്ടുണെ്ടന്നാണു സൂചന.

കണ്ണൂര്‍ കളക്ടറേറ്റില്‍ സ്ഥാപിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ബോര്‍ഡുകള്‍ സുധാകരപക്ഷക്കാര്‍ നീക്കംചെയ്തത് അത്യന്തം പ്രകോപനപരമായിട്ടാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണിതെന്നും കെ. സുധാകരന്റെ നിര്‍ദേശപ്രകാരമാണു ബോര്‍ഡുകള്‍ നീക്കിയതെന്നു വ്യക്തമാണെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നില്‍ നിഗൂഢലക്ഷ്യങ്ങളുണെ്ടന്നു സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

എന്തിനും മടിക്കാത്ത ഏതാനും പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ ആരെയും വിരട്ടാമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സുധാകരന്റെ രീതിയോടു യോജിപ്പില്ലെന്നു വിശാല ഐ ഗ്രൂപ്പില്‍പ്പെട്ട കണ്ണൂരിലെ ഒരു ഉയര്‍ന്ന നേതാവ് പറഞ്ഞു. നേരിയ ഭൂരിപക്ഷത്തില്‍ മികച്ചരീതിയില്‍ സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ പരസ്യവിമര്‍ശനമുന്നയിച്ച സുധാകരന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് ഒട്ടും ചേരാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബഹളംകൂട്ടി ആളാകാനുള്ള ശ്രമമാണു സുധാകരന്‍ നടത്തുന്നതെന്നും ഇതു റൗഡികളുടെ സംസ്‌കാരമാണെന്നുമായിരുന്നു മുന്‍ ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ പ്രതികരണം. പോലീസിനെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കാന്‍ മുഖ്യമന്ത്രി സമ്മതിക്കാത്തതാണ് അദ്ദേഹത്തിനെതിരേ സുധാകരന്‍ തിരിയാന്‍ കാരണം. നിഷ്പക്ഷതയും കാര്യക്ഷമതയുമുള്ള അനൂപ് കുരുവിള ജോണിനെ മാറ്റി എന്തിനും സഹകരിക്കുന്ന ഉദ്യോഗസ്ഥരെ എസ്പിയാക്കാനാണു സുധാകരന്റെ താത്പര്യമെന്നും സുധാകരനെ നിയന്ത്രിച്ചില്ലെങ്കില്‍ കാളസര്‍പ്പത്തെപ്പോലെ അയാള്‍ തിരിഞ്ഞുകൊത്തുമെന്നും പി. രാമകൃഷ്ണന്‍ പറഞ്ഞു.