മുല്ലപ്പെരിയാര്‍ ഉടമസ്ഥാവകാശം: തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം ശരിയല്ലെന്നു കെ.എം. മാണി

single-img
31 January 2012

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന അവിടത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം ശരിയല്ലെന്നു ധന- നിയമ മന്ത്രി കെ.എം. മാണി. മുല്ലപ്പെരിയാര്‍ ഡാമിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം കേരളത്തിനാണ്. സ്ഥലം തമിഴ്‌നാടിനു കേരളം പാട്ടത്തിനു നല്‍കിയതാണ്.

എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാമിന്റെയും ഭൂമിയുടെയും ഉടമസ്ഥത തമിഴ്‌നാടിനാണെന്ന തരത്തിലുള്ള സൂചനയാണ് ഗവര്‍ണര്‍ പ്രസംഗത്തിലൂടെ നല്‍കിയിരിക്കുന്നത്. തമിഴ്‌നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ നയം. എന്നാല്‍, തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ഉല്‍ക്കണ്ഠാകുലമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍നിന്നു പിന്നോട്ടുപോവില്ല. പുതിയ ഡാമിനായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ആര് എന്തു പറഞ്ഞാലും കേരള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമുണ്ടാവില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരുമാസത്തിനകം തീരുമാനമുണ്ടാക്കാമെന്നാണു പ്രധാനമന്ത്രി അറിയിച്ചത്. ഡാം വിഷയത്തില്‍ പല തരത്തിലുള്ള പ്രസ്താവനകളും വരുന്നുണെ്ടന്നും ധനമന്ത്രി പറഞ്ഞു. പി.ജെ. ജോസഫ് വൈകാരികമായി പ്രശ്‌നത്തെ കാണുന്നുവെന്നു ചിലര്‍ ആക്ഷേപമുയര്‍ത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, പൊതുരാജ്യകാര്യങ്ങളിലും ജനകീയവിഷയങ്ങളിലും എല്ലാവര്‍ക്കും വികാരങ്ങളുണെ്ടന്നു മാണി പറഞ്ഞു.