കേന്ദ്രബജറ്റിനു മുമ്പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും: കെ.എം. മാണി

single-img
31 January 2012

കേന്ദ്ര ബജറ്റിനു മുമ്പായി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നു ധനമന്ത്രി കെ.എം. മാണി. മാര്‍ച്ച് 16നു കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്നാണു വിവരം. ചട്ടപ്രകാരം മാര്‍ച്ച് 31 നു മുമ്പ് സംസ്ഥാന ബജറ്റ് പാസാക്കണം.

കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന സാമ്പത്തികസഹായം സംബന്ധിച്ച ധാരണ ലഭിച്ചശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതാണു നല്ലത്. എന്നാല്‍, കേന്ദ്ര ബജറ്റിനുശേഷം സമയ പരിധിക്കുള്ളില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിനു മുമ്പ് മാര്‍ച്ച് ആദ്യവാരത്തോടെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു ബജറ്റിന്റെ തീയതി തീരുമാനിക്കും. സമ്പൂര്‍ണ ബജറ്റുണ്ടാവില്ല. അടുത്ത മൂന്നുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടായിരിക്കും പാസാക്കുക. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 170 പദ്ധതികളില്‍ 110 പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. വാര്‍ഷിക, നൂറുദിന പരിപാടികളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കു പുറമേയാണിത്.

2011 ഡിസംബര്‍ വരെ സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 43.10 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42.29 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതിച്ചെലവ് വര്‍ധിക്കും. പദ്ധതി ചെലവഴിക്കുന്നതു സംബന്ധിച്ചു ശരിയായ അവലോകനം നടത്തുന്നുണെ്ടന്നും മന്ത്രി വ്യക്തമാക്കി.