നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന് കസബ്

single-img
31 January 2012

മുംബൈ ഭീകരാക്രമണ കേസില്‍ തനിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന് പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ്. കസബിനുവേണ്ടി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും സീനിയര്‍ അഭിഭാഷകനുമായ രാജു രാമചന്ദ്രനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.

രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ഭീകരരുടെ ഗൂഢാലോചനയില്‍ കസബ് പങ്കാളി ആയിരുന്നില്ലെന്നും ജസ്റ്റീസുമാരായ അല്‍താഫ് ആലവും സി.കെ. പ്രസാദും അടങ്ങുന്ന രണ്ടംഗ ബെഞ്ച് മുമ്പാകെ രാജു രാമചന്ദ്രന്‍ ബോധിപ്പിച്ചു. 302-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പോലും അത് രാജ്യത്തിനെതിരെ നടന്ന യുദ്ധത്തിന് പിറകില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതിന്റെ തെളിവല്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു.

കസബിനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയുക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിചാരണ സമയത്ത് തന്റെ ഭാഗം വാദിക്കുന്നതിന് കസബിന് അഭിഭാഷകനെ ഏര്‍പ്പെടുത്തി നല്‍കിയില്ലെന്ന കസബിന്റെ പരാതി നിലനില്‍ക്കുന്നതാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു. വാദം കേട്ട കോടതി കസബിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചു.