മികച്ചൊരു ടെസ്റ്റ് ക്യാപ്റ്റനെ കിട്ടിയാല്‍ ഒഴിയാന്‍ തയാറാണെന്നു ധോണി

single-img
31 January 2012

ടീം ഇന്ത്യയുടെ മോശം പ്രകടനത്തില്‍ സര്‍വരും ക്യാപ്റ്റന്റെ നേതൃത്വത്തെയും കുറ്റംപറയുമ്പോഴും മഹേന്ദ്രസിംഗ് ധോണിക്ക് ഒരു കുലുക്കവുമില്ല. തന്നേക്കാള്‍ മികച്ചൊരു ടെസ്റ്റ് ക്യാപ്റ്റനെ ഇന്ത്യക്കു കിട്ടിയാല്‍ തല്‍സ്ഥാനത്തുനിന്ന് ഒഴിയാന്‍ തയാറാണെന്നു ധോണി പറഞ്ഞു. ക്യാപ്റ്റന്‍സി ഒരാള്‍ക്കു മാത്രമായുള്ളതല്ല. അതൊരു സ്ഥാനം മാത്രമാണ്. ഒപ്പം ഒരു അധികചുമതലയും. ക്യാപ്റ്റനായി തുടരണമെന്നില്ല. മികച്ചയൊരാള്‍ വന്നാല്‍ തീര്‍ച്ചയായും തല്‍സ്ഥാനത്തു നിന്നുംമാറും- ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 ക്കു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ വിദേശത്ത് തുടര്‍ച്ചയായി ഏഴു ടെസ്റ്റുകളില്‍ പരാജയപ്പെട്ടു. ധോണിയുടെ മോശം ഫോമും ആയതോടെ ടെസ്റ്റില്‍ പുതിയ ക്യാപ്റ്റന്‍ ആവശ്യമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നാലു ടെസ്റ്റില്‍ നിന്നായി 31.43 ശരാശരിയില്‍ 220 റണ്‍സായിരുന്നു ധോണി സ്വന്തമാക്കിയത്. എന്നാല്‍, ഓസ്‌ട്രേലിയയില്‍ ആറ് ഇന്നിംഗ്‌സില്‍ നിന്ന് 102 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം.