ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും: റെയ്‌ന

single-img
30 January 2012

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വ്യത്യസ്തമായ ശൈലിയിലുള്ള കളി കാണാമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ആരംഭിക്കുന്ന ട്വന്റി-20യിലും ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ കളിക്കുമെന്നും റെയ്‌ന പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഊര്‍ജം പകരാന്‍ പുതിയ കളിക്കാര്‍ക്കാകുമെന്നും ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഏകദിന-ട്വന്റി -20 സ്‌പെഷലിസ്റ്റ് എന്നറിയപ്പെടുന്ന റെയ്‌ന പതിനഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. എന്നാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ടീമിലില്ലായിരുന്നു. അതേസമയം, ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ടെസ്റ്റിലെ സമ്പൂര്‍ണ തോല്‌വിയെക്കുറിച്ച് സംസാരിക്കാന്‍ റെയ്‌ന തയാറായില്ല. ടെസ്റ്റിനെക്കാള്‍ ഏകദിന മത്സരങ്ങള്‍ക്കു വ്യത്യാസമുണെ്ടന്ന് റെയ്‌ന പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടു ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. നാളെയും മൂന്നിനുമാണ് ട്വന്റി -20 മത്സരങ്ങള്‍ നടക്കുക. സിഡ്‌നിയിലാണ് ആദ്യ മത്സരം നടക്കുന്നത്. കോമണ്‍വെല്‍ത്ത് ബാങ്ക് സിരീസ് ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യ പങ്കെടുക്കുന്നുണ്ട്; ഓസ്‌ട്രേലിയയെക്കൂടാതെ ശ്രീലങ്കയാണ് മറ്റൊരു ടീം.