റാങ്കിംഗ്: സാനിയയ്ക്കു മുന്നേറ്റം

single-img
30 January 2012

ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം ഡബ്ല്യുടിഎ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗില്‍ സാനിയ മിര്‍സ ഡബിള്‍സില്‍ നേട്ടംകൊയ്തു. സാനിയ മിര്‍സ ഏഴാം സ്ഥാനത്തെത്തി കരിയറിലെ മികച്ച സ്ഥാനത്തെത്തി. സാനിയ മിര്‍സ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സിന്റെ സെമി ഫൈനല്‍ വരെയെത്തിയിരുന്നു. ജൂണ്‍ 21 വരെ ഇതേ റാങ്കിംഗില്‍ തുടരാനായാല്‍ സാനിയയ്ക്കു ലണ്ടന്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതിന് നേരിട്ടു പ്രവേശിക്കാനാകും. എന്നാല്‍, സിംഗിള്‍സില്‍ സാനിയ 106-ാം സ്ഥാനത്തുനിന്ന് 111 ലെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ചാമ്പ്യനായ ലിയാന്‍ഡര്‍ പെയ്‌സ് എടിപി ഡബിള്‍സ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തെത്തി. പെയ്‌സ്-റോഡെക് സ്റ്റെഫാനെക് സഖ്യം ഡബിള്‍സ് കിരീടം ചൂടിയപ്പോള്‍ മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ്-എലേന വേസ്‌നിന സഖ്യത്തിന് ഫൈനലില്‍ പരാജയമേറ്റുവാങ്ങേണ്ടിവന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ വിക്ടോറിയ അസരെങ്ക വനിതാ വിഭാഗത്തിലും നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗത്തിലും ഒന്നാം സ്ഥാനത്താണ്.