എസ്പി അനൂപ് കുരുവിളയെ ന്യായീകരിച്ച് മുല്ലപ്പള്ളിയും

single-img
30 January 2012

പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്. വിവാദത്തില്‍ എസ്പിയെ അനുകൂലിക്കുന്ന നിലപാട് സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയുമുണ്ടായത്.

അനൂപ് കുരുവിള ജോണ്‍ സത്യസന്ധനായ പോലീസ് ഓഫീസറാണ്. കാര്യക്ഷമത തെളിയിച്ച ചെറുപ്പക്കാരനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥാന് അനൂപ് കുരുവിള ജോണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, എസ്പിയുടെ നടപടി സദുദ്ദേശപരമല്ലെന്ന് കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫ് പറഞ്ഞു. പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ കണ്ണൂരിലെ പോലീസ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

26 ന് കണ്ണൂരില്‍ റിപ്പബ്ലിക്ദിന പരേഡ് നടന്ന ഗ്രൗണ്ടില്‍ ജി.സുധാകരന്‍ എംപിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ നേതൃത്വം കട്ടൗട്ട് സ്ഥാപിച്ചതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇതേത്തുടര്‍ന്ന് പോലീസ് അസോസിയേയന്‍ നേതാക്കളടക്കം ആറു പോലീസുകാരെ എസ്പി അനൂപ് കുരുവിള ജോണ്‍ സസ്‌പെന്‍ഡ് ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. മനോജ്, സെക്രട്ടറി കെ.ജെ. മാത്യു, വൈസ് പ്രസിഡന്റ് വി.വി. മനോജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.ഒ. പുഷ്പരാജ്, കൊട്ടിലക്കണ്ടി കൃഷ്ണന്‍, മുന്‍ സെക്രട്ടറി എം.ജി. ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരെല്ലാം കോണ്‍ഗ്രസ് അനുകൂലികളാണ്. ഇതേത്തുടര്‍ന്ന് കണ്ണൂരിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എസ്പിക്കെതിരെ രംഗത്ത് വരുകയായിരുന്നു. ഇവരെ കേന്ദ്രമന്ത്രി വയലാര്‍ രവിയും അനുകൂലിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെയും മുല്ലപ്പള്ളിയുടെയും പ്രസ്താവന.