മുല്ലപ്പെരിയാര്‍: തമിഴ്‌നാട് നിലപാടു പുനഃപരിശോധിക്കണമെന്ന് മന്ത്രി ജോസഫ്

single-img
30 January 2012

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് നിലപാടു മാറ്റണമെന്നു മന്ത്രി പി.ജെ.ജോസഫ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം വ്യാജപ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ ഡാമിന്റെ നിയന്ത്രണാവകാശം കേരളത്തിനു നല്‍കില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുല്ലപ്പെരിയാറില്‍നിന്നു ജലം തരില്ലെന്നു വ്യാജപ്രചാരണം നടത്തിവരുന്നതു തമിഴ്‌നാടാണ്. കേരളം മാന്യതവിട്ടു പെരുമാറിയിട്ടില്ല. കേരളം എന്നും വസ്തുതകള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. കേരളം പണം മുടക്കി ഡാം നിര്‍മിക്കുന്നതിനെ എന്തിനാണു തമിഴ്‌നാട് എതിര്‍ക്കുന്നത്. ഇത്രയും കാലപ്പഴക്കമുള്ള ഡാം എത്രനാള്‍ നിലനില്‍ക്കുമെന്ന് ആര്‍ക്കാണു പറയാന്‍ സാധിക്കുന്നതെന്നും പിടിവാശി തമിഴ്‌നാട് ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.