ഐസ്‌ക്രീം കേസ് അട്ടിമറി: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
30 January 2012

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് ഡയറിയും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി കേസ് നാലാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്.അത്യുതാനന്ദന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്ന് കോടതി അറിയിച്ചു. ഐസ്‌ക്രീംകേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

10മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തൃശൂര്‍ പൊലീസ് കമീഷണര്‍ പി വിജയന്‍ ,കണ്ണൂര്‍ പോലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണ്‍ , താമരശ്ശേരി ഡിവൈഎസ്പി ജയ്‌സണ്‍ എബ്രഹാം എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസന്വേഷണത്തിന്റെ പുരോഗതി തന്നെ അറിയിക്കണമെന്ന വി.എസ.് അച്യുതാന്ദന്റെ ആവശ്യം അന്ന് എഡിജിപി വിന്‍സന്‍ എം പോള്‍ അംഗീകരിക്കാത്തത് വിവാദമായിരുന്നു. പിന്നീട് അധികാരം ഒഴിഞ്ഞ ശേഷം വി.എസ.് നല്‍കിയ ഹര്‍ജിയിലാണ് ജനുവരി 30 ന് അന്തിമ റിപ്പോര്‍ട് നല്‍കുമെന്ന് പ്രത്യേക സംഘം ഹൈക്കോടതിയെ അറിയിച്ചത്.