ഭൂമിദാനക്കേസ്: അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

single-img
30 January 2012

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ ഭൂമിദാന കേസിലെ വിജിലന്‍സ് അന്വേഷണം ഇനി സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ ബന്ധുവായ ടി.കെ. സോമനു ഭൂമി പതിച്ചു നല്‍കിയതിന്റെ മന്ത്രിസഭാ കുറിപ്പ് ഉള്‍പ്പെടെയുള്ള രേഖകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും പൊതുഭരണ- റവന്യൂ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനുമാണു സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി അന്വേഷണം നടക്കുന്നത്.

ഭൂമി പതിച്ചുകൊടുത്തതിനൊപ്പം വില്‍പ്പനാവകാശം നല്‍കുന്നതിനുള്ള തയാറെടുപ്പു നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകളും ശേഖരിക്കേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പില്‍ നിന്നാണ് ഇതിന്റെ രേഖകള്‍ കണെ്ടത്തേണ്ടത്. ഇതിനുള്ള ഫയല്‍ നീങ്ങിത്തുടങ്ങിയശേഷം നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു നീക്കം തടസപ്പെടുകയായിരുന്നുവെന്നാണു വിജിലന്‍സിനു ലഭിച്ച പ്രാഥമികരേഖകള്‍ തെളിയിക്കുന്നത്. ഇതിന്റെ വിശദ രേഖകളാണു ശേഖരിക്കേണ്ടത്.

ഭൂമി പതിച്ചുനല്‍കല്‍ കേസുമായി ബന്ധപ്പെട്ടു കാസര്‍ഗോഡ് കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പു പൂര്‍ത്തിയായിട്ടുണ്ട്. ചട്ടം ലംഘിച്ചു ഭൂമി പതിച്ചു നല്‍കിയതില്‍ മുന്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കുള്‍പ്പെടെയുള്ള രേഖകള്‍ കളക്ടറേറ്റിലെ അന്വേഷണത്തില്‍ ലഭിച്ചതായാണു സൂചന. കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി വി.ജെ. കുഞ്ഞന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇതോടൊപ്പം താലൂക്ക്, വില്ലേജ് ഓഫീസുകളില്‍നിന്നുള്ള തെളിവുകളും ശേഖരിച്ചു. വിഎസിന്റെ ബന്ധുവായ ടി.കെ. സോമനു 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതിന്റെ രേഖകളാണു ശേഖരിച്ചത്. മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവരില്‍നിന്നു തെളിവുകളും ശേഖരിച്ചു.