Latest News

ജി. മാധവന്‍നായര്‍ക്കെതിരായ നടപടി പുനഃപരിശോധിച്ചേക്കും

എസ് ബാന്‍ഡ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നത ശാസ്ത്രജ്ഞര്‍ക്കെതിരേ എടുത്ത അച്ചടക്ക നടപടി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കുമെന്നു സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ മാധവന്‍നായരുടെ വാദവും പരിഗണിക്കുമെന്നു നാരായണസ്വാമി പറഞ്ഞു.

ശാസ്ത്രജ്ഞരോടു സര്‍ക്കാരിന് എതിര്‍പ്പില്ല. ആന്‍ട്രിക്‌സ്- ദേവാസ് എസ് ബാന്‍ഡ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച പ്രത്യൂഷ് സിന്‍ഹ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ പ്രശ്‌നത്തില്‍ ശാസ്ത്രജ്ഞരുടെയും മാധവന്‍നായരുടെയും വാദങ്ങളും കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം കൈകൊള്ളുവെന്നും നാരായണസ്വാമി പറഞ്ഞു.

മാധവന്‍നായര്‍ക്കു പുറമേ ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി ഭാസ്‌കര നാരായണന്‍, ആന്‍ട്രിക്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ആര്‍. ശ്രീധര മൂര്‍ത്തി, ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവര്‍ക്കാണു പ്രധാന മന്ത്രിയുടെ കീഴിലുള്ള ബഹിരാകാശ ഗവേഷണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു മാധവന്‍ നായര്‍ പാറ്റ്‌ന ഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പദവി കഴിഞ്ഞദിവസം രാജിവച്ചിരുന്നു.