ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി: മൂന്നുപേര്‍ കൊല്ലപ്പെട്ടു

single-img
29 January 2012

ബംഗ്ലാദേശില്‍ വിവിധയിടങ്ങളില്‍ പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബിഎന്‍പി പ്രവര്‍ത്തകരായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കാവല്‍സര്‍ക്കാരിനെ നിയോഗിക്കുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു ബിഎന്‍പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

തെക്കുകിഴക്കന്‍ പ്രദേശമായ ലക്‌സ്മിപൂരില്‍ പോലീസ് നടത്തിയ വെടിവയ്പിലാണ് ഒരു ബിഎന്‍പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സമീപജില്ലയായ ചന്ദ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കാവല്‍സര്‍ക്കാരിനെ ഏര്‍പ്പെടുത്തുന്ന പതിവ് എടുത്തുകളഞ്ഞത്. 2014 തുടക്കത്തിലാണ് ബംഗ്ലാദേശില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ്.

ബംഗ്ലാദേശി നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ജമാഅത്ത്-ഇ- ഇസ്‌ലാമിയും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇരുപാര്‍ട്ടികളും ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്.