അരുണ്‍കുമാറിന്റെ നിയമന ക്രമക്കേട്; തെളിവു നല്കാന്‍ വിഎസിനു നോട്ടീസ്

single-img
28 January 2012

വി.എ. അരുണ്‍കുമാര്‍ ഉള്‍പ്പെട്ട ഐഎച്ച്ആര്‍ഡി ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാസമിതിക്കു മുന്നില്‍ ഫെബ്രുവരി 14നു ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവു വി.എസ്. അച്യുതാന ന്ദനും എം.എ. ബേബി എംഎല്‍എയ്ക്കും നോട്ടീസ് നല്കി. വി.ഡി. സതീശന്‍ ചെയര്‍മാനായ നിയമസഭാ സമിതിക്കു മുന്നില്‍ തെളിവു നല്കാന്‍ എത്തണമെന്ന നോട്ടീസ് നിയമസഭാ സെക്രട്ടറിയാണു വിഎസിനു കൈമാറിയത്.

തെളിവെടുപ്പു പൂര്‍ത്തിയായശേഷം ഫെബ്രുവരി അവസാനത്തോ ടെ നിയമസഭാ സമിതി സ്പീക്കര്‍ക്കു റിപ്പോര്‍ട്ട് നല്കും. മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സമിതി യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയാകും സ്പീക്കര്‍ക്കു നല്കുക.

സിപിഎം ജില്ലാ- സംസ്ഥാന സമ്മേളനങ്ങളുടെ തിരക്കുമൂലം ഫെബ്രുവരി 10 വരെ സമിതിക്കു മുന്നില്‍ തെളിവു നല്കാന്‍ കഴിയില്ലെന്നു വിഎസ് അറിയിച്ചിരുന്നു. വിഎസിന്റെ അഭ്യര്‍ഥന കൂടി മാനിച്ചാണു 14നു നടക്കുന്ന തെളിവെടുപ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. എം.എ. ബേബിയോടും ഇതേ ദിവസം ഹാജരാകാനാണു നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ 13നു നടന്ന സിറ്റിംഗില്‍ ഹാജരാകണമെന്നു സമിതിയധ്യക്ഷന്‍ വി.ഡി. സതീശന്‍ നേരിട്ടെത്തി വിഎസിനോട് ആവശ്യപ്പെട്ടിരുന്നു. എം.എ. ബേബിയോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇരുവരും തിരുവനന്തപുരത്തുണ്ടാ യിട്ടും തെളിവു നല്കാന്‍ എത്തിയില്ല. പിന്നീട്, 24നോ 25നോ എത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഈ ദിവസങ്ങളിലും എത്താന്‍ കഴിയില്ലെന്നായിരുന്നു വിഎസിന്റെ മറുപടി.

തുടര്‍ന്നാണു സമിതിക്കു മുന്നില്‍ എത്താന്‍ നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്കുന്നത്. വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ ഐഎച്ച്ആര്‍ഡിയില്‍ ക്രമവിരുദ്ധ നിയമനം നേടിയെന്നും മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, സ്‌പേസ് എന്നിവയുമായി ബന്ധപ്പെട്ടു ക്രമക്കേടു നടന്നുവെന്നും പി.സി. വിഷ്ണുനാഥാണു നിയമസഭയില്‍ ആരോപിച്ചത്.

തുടര്‍ന്നു വി.എസിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി വി.ഡി. സതീശന്‍ ചെയര്‍മാനായ നിയമസഭാ സമിതിയെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചുമതലപ്പെ ടുത്തിയത്.