ടെസ്റ്റ് പരമ്പര; ഓസ്‌ട്രേലിയ ഇന്ത്യയെ നാണം കെടുത്തി

single-img
27 January 2012

ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. പരമ്പരയിലെ നാലാം മത്സരത്തില്‍ 298 റണ്‍സിനാണ് ഇന്ത്യ തോറ്റത്. വിദേശ മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്. തൊട്ടുമുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ നാല് ടെസ്റ്റും ഇന്ത്യ തോറ്റിരുന്നു.

1999ന് ശേഷം ഓസ്‌ട്രേലിയയില്‍ സംമ്പൂര്‍ണ പരാജയം നേരിടുന്നതും ഓസീസ് മണ്ണില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടാതെ പോയ ആദ്യ ടെസ്റ്റ് പരമ്പരയും ഇതാണ്. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസീസ് സ്വന്തമാക്കി. മത്സരത്തില്‍ ആകെ ആറ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡിലാണ് മാന്‍ ഓഫ് ദ മാച്ച്. ട്രിപിള്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും അടക്കം പരമ്പരയില്‍ 626 റണ്‍സ് അടിച്ചു കൂട്ടിയ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കാണ് മാന്‍ ഓഫ് ദ സീരീസ്.

അഞ്ചാം ദിനം തുടങ്ങുമ്പോള്‍ നാല് വിക്കറ്റ് ശേഷിക്കേ 334 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. 15 റണ്‍സോടെ ആര്‍.അശ്വിന്‍ പുറത്താകാതെ നിന്നു. നഥാന്‍ ലിയോണ്‍ നാലും റയാന്‍ ഹാരിസ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: 604/7 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ്: 167/5 ഡിക്ലയേര്‍ഡ്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 272, രണ്ടാം ഇന്നിംഗ്‌സ്: 201.