ഗുജറാത്തില്‍ മോഡിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ പരസ്യം

single-img
27 January 2012

ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസനനേട്ടങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പരസ്യം. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങളില്‍ നല്‍കിയ രണ്ടു പേജ് പരസ്യത്തിലാണ് കോണ്‍ഗ്രസ് മോഡിയെ പ്രകീര്‍ത്തിക്കുന്നത്.

സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ ഭരണനേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന കൂട്ടത്തിലാണ് മോഡിയെയും കോണ്‍ഗ്രസ് പ്രകീര്‍ത്തിച്ചിരിക്കുന്നത്. മികച്ച സംഘാടകനും നല്ല തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ മോഡി 2001ലാണ് അധികാരമേറ്റെടുത്തതെന്ന് പറയുന്ന പരസ്യത്തില്‍ പിന്നീട് മോഡിയുടെ ഭരണനേട്ടങ്ങളും വിശദീകരിക്കുന്നു.

ഗുജറാത്തിനെ ഊര്‍ജസ്വലമായ ഒരു സംസ്ഥാനമാക്കി മാറ്റാന്‍ കഠിനമായി പരിശ്രമിച്ച മോഡി ബയോടെക്‌നോളജിയ്ക്കായി പ്രത്യേക വകുപ്പ് സ്ഥാപിച്ചുവെന്നും നര്‍മദാ അണക്കെട്ടിന്റെ ഉയരം 11.64 മീറ്ററില്‍ നിന്ന് 121.92 മീറ്ററായി ഉയര്‍ത്തിയെന്നും പരസ്യത്തില്‍ പറയുന്നു. മോഡി സര്‍ക്കാര്‍ തുടങ്ങിവെച്ച ഗുജറാത്ത് നിക്ഷേപക സംഗമത്തെയും കൃഷി മഹോത്സവത്തെയുമെല്ലാം പരസ്യത്തില്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. മോഡിയുടെ ചിത്രവും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇരുപാര്‍ട്ടികളും ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിച്ചിരിക്കേയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മോഡിയെ പ്രകീര്‍ത്തിച്ച് പരസ്യം നല്‍കിയിരിക്കുന്നത്.