നിയമസഭാ തെരഞ്ഞെടുപ്പ്: മണിപ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

single-img
27 January 2012

മണിപ്പൂരിലെ 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചെറുസ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന പോലീസിന് പുറമേ 350 കമ്പനി സുരക്ഷാ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 270 കമ്പനി കേന്ദ്ര അര്‍ധസൈനിക വിഭാഗമാണ്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്ക് അവസാനിക്കും. നാല് മണിക്കും ക്യൂവില്‍ തുടരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കും. രാവിലെ മുതല്‍ തന്നെ പല പോളിംഗ് ബൂത്തിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.

17,40, 576 പേരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 8, 82, 236 പേര്‍ സ്ത്രീവോട്ടര്‍മാരാണ്. 279 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പ് നടപടികള്‍ക്കായി 12, 967 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംങ് രാവിലെ തന്നെ തോബാള്‍ ജില്ലയിലെ ഖാംഗാബോക് പോളിംഗ് ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി. മണിപ്പൂരിലെ പത്താമത് നിയമസഭാ തെരഞ്ഞെടുപ്പാണിത്.