ഗവര്‍ണറുടെ നിര്യാണത്തില്‍ അനുശോചിച്ചു

single-img
27 January 2012

കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറുഖിന്റെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, പ്രഫ. കെ.വി. തോമസ്, ഇ. അഹമ്മദ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

എം.ഒ.എച്ച്. ഫറൂഖിന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണറുടെ അധിക ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് ദു:ഖവും നടുക്കവും രേഖപ്പെടുത്തി. പോണ്ടിച്ചേരി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, അംബാസഡര്‍, ഗവര്‍ണര്‍ എന്നീ നിലകളില്‍ മികവുറ്റ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. വിവിധ നിലകളില്‍ അദ്ദേഹം രാജ്യത്തിനുചെയ്ത സേവനം എന്നും ഓര്‍മിക്കപ്പെടും. കുടുംബാംഗങ്ങളെ അഗാധമായ ദു:ഖം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായി അനുശോചന സന്ദേശത്തില്‍ എച്ച്.ആര്‍. ഭരദ്വാജ് പറഞ്ഞു.

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യം കണ്ട മികച്ച ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഫറൂഖെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.

ഫ്രഞ്ച് സാമ്രാജ്യത്വത്തില്‍നിന്ന് പുതുച്ചേരിയെ മോചിപ്പിക്കുന്നതിനുള്ള സമര നേതാക്കളിലൊരാളായിരുന്നു ഫറൂക്കെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. കേരള ഗവര്‍ണര്‍ എന്ന നിലയില്‍ അല്‍പകാലമേ പ്രവര്‍ത്തിക്കാനായുള്ളൂവെങ്കിലും കേരളവുമായി അദ്ദേഹത്തിന് ദര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നുവെന്നും വിഎസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പോണ്ടിച്ചേരി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, അംബാസഡര്‍, ഗവര്‍ണര്‍ തുടങ്ങി വഹിച്ച പദവികളിലെല്ലാം സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭയുള്ള നേതാവായിരുന്നു എം.ഒ.എച്ച്. ഫറൂഖെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുസ്മരിച്ചു.

രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ഫറൂഖെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളത്തോടു പ്രത്യേക താല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. കെപിസിസി മൂന്നുദിവസത്തെ പാര്‍ട്ടിപരിപാടികള്‍ മാറ്റിവച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.

സ്വാതന്ത്ര്യസമര സേനാനി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ എം.ഒ.എച്ച് ഫറൂഖിന്റെ സേവനം മഹത്തരവും എക്കാലവും ഓര്‍മിക്കത്തക്കതുമാണെന്നു ധനമന്ത്രി കെ.എം. മാണി അനുസ്മരിച്ചു. വികസനത്തെക്കുറിച്ചു ശരിയായ ദിശാബോധം ഉണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. സന്തപ്ത കുടുംബാഗങ്ങളെ മന്ത്രി കെ.എം. മാണി അനുശോചനം അറിയിച്ചു.

സംശുദ്ധ പൊതുജീവിതത്തിനുടമയും മികച്ച ഭരണാധികാരിയുമായിരുന്ന എം.ഒ.എച്ച്. ഫറൂഖ് എന്നും സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നെന്നു വ്യവസായ-ഐടി-നഗരകാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. വ്യക്തിബന്ധങ്ങള്‍ക്കു മുന്തിയ പ്രാധാന്യം കല്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് രാജ്യത്തിനാകെ വലിയ നഷ്ടമാണ്. ഒരു ജ്യേഷ്ഠസഹോദരന്റെ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ തനിക്കുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതിബദ്ധതയുള്ള ഒരു ജനനേതാവിനെയും ഭരണാധികാരിയെയുമാണ് എം.ഒ.എച്ച്. ഫറൂഖിന്റെ വിയോഗത്തിലൂടെ സമൂഹത്തിനു നഷ്ടമായിരിക്കുന്നതെന്നു പിആര്‍ഡി, നഗരവികസന, ആസൂത്രണ, സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായിരുന്നു എം.ഒ.എച്ച് ഫറൂഖെന്നു റവന്യൂ-വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു. ഏറ്റെടുത്ത ചുമതലകളെല്ലാം വളരെ സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ത്തന്നെ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും എത്തിയ അദ്ദേഹം ദീര്‍ഘകാലം മുഖ്യമന്ത്രി എന്നനിലയില്‍ പോണ്ടിച്ചേരിയുടെ വികസനത്തിന് നിര്‍ണായകമായ സംഭാവനകളാണു നല്‍കിയിട്ടുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ്, ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളില്‍ ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ഒ.എച്ച്. ഫറൂഖ് എന്ന് തൊഴില്‍-ഭക്ഷ്യ മന്ത്രി ഷിബു ബേബി ജോണ്‍ അനുസ്മരിച്ചു.

ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖിന്റെ നിര്യാണത്തില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സ്വാതന്ത്ര്യസമരസേനാനി, മികച്ച ഭരണാധികാരി, നയതന്ത്രജ്ഞന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഉജ്വല വ്യക്തിത്വമായിരുന്നു എം.ഒ.എച്ച്. ഫറൂഖിന്റേതെന്നു ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ദേശീയവീക്ഷണമുള്ള ഒരു സമുന്നത നേതാവിനെയാണു നഷ്ടമായിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

ദേശീയ വീക്ഷണമുള്ള കരുത്തുറ്റ ഭരണാധികാരിയും ജനാധിപത്യ വിശ്വാസിയുമായിരുന്നു എം.ഒ.എച്ച്. ഫറൂക്കെന്നു ഫിഷറീസ്-തുറമുഖ-എക്‌സൈസ് മന്ത്രി കെ.ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖിന്റെ നിര്യാണം സംസ്ഥാനത്തിനും രാഷ്ട്രത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.