കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചു

single-img
26 January 2012

 കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ഫറൂഖ് കഴിഞ്ഞ ആഗസ്റ്റിലാണ് കേരളത്തിന്റെ പത്തൊന്‍പതാം ഗവര്‍ണറായി നിയമിതനായത്.

സെപ്തംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫറൂഖ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയെ സ്വതന്ത്രമാക്കാന്‍ 1953-54 വര്‍ഷത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്താണ് അദ്ദേഹം മുന്‍നിരയിലേക്ക് വന്നത്.

മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967 മുതല്‍ 68 വരെയായിരുന്നു ആദ്യകാലഘട്ടം. 29-ാം വയസിലായിരുന്നു ഇത്. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് 69 മുതല്‍ 74 വരെയും 1985 മുതല്‍ 90 വരെയും അദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി.

1964 മുതല്‍ 67 വരെ പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആയിരുന്നു. മൂന്ന് തവണ പുതുച്ചേരിയില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 ലും 96, 99 വര്‍ഷങ്ങളിലുമായിരുന്നു ലോക്‌സഭാംഗമായത്. 91-92 കാലയളവില്‍ വ്യോമയാനമന്ത്രാലയത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.

2004 ല്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായ അദ്ദേഹം 2010 ലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറായത്.

അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.