മാഷിന് പ്രമുഖരുടെ അശ്രുപൂജ

single-img
24 January 2012

കേരളം കണ്ട ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു അഴീക്കോടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. അഴീക്കോടിന്റെ നിര്യാണമറിഞ്ഞ് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാംസ്‌കാരിക ലോകത്തിന് മാത്രമല്ല കേരളീയ സമൂഹത്തിനാകെ ഉണ്ടായ നികത്താനാകാത്ത നഷ്ടമാണ് അഴീക്കോടിന്റെ വേര്‍പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനീതിക്കെതിരേ സ്വന്തം നിലയ്ക്ക് പോരാടിയ ഒരു പ്രസ്ഥാനമായിരുന്നു അഴീക്കോടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. നീതിക്ക് വേണ്ടിയുള്ള സിംഹ ഗര്‍ജ്ജനങ്ങളായിരുന്നു അഴീക്കോടിന്റെ പ്രസംഗങ്ങള്‍.

സാംസ്‌കാരിക ജീര്‍ണതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരേ ശക്തമായ ആശയസമരമായിരുന്നു അഴീക്കോട് നടത്തിയത്. സാംസ്‌കാരിക ചിന്തകനെന്ന നിലയിലുപരി മികച്ച പ്രഭാഷകന്‍ എന്ന നിലയിലായിരിക്കും നാളെ അദ്ദേഹത്തെ ഓര്‍ക്കുക. വ്യക്തിപരമായി വളരെ അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അഴീക്കോടിന്റെ വേര്‍പാടിലൂടെ കേരളത്തിന് ഒരു തിരുത്തല്‍ ശക്തിയെ ആണ് നഷ്ടപ്പെട്ടതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ തനിക്ക് അഴീക്കോടുമായി അടുപ്പമുണ്‌ടെന്ന് അദ്ദേഹം അനുസ്മരിച്ചു. സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ കരുത്തുള്ള വ്യക്തിയായിരുന്നു അഴീക്കോട്.

കേരളീയ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, ആര്‍ഭാടം എന്നിവയ്‌ക്കെതിരെ ഒരു യോദ്ധാവിനെപ്പോലെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആന്റണി അനുസ്മരിച്ചു. കേരളത്തിനും ലോകത്തെമ്പാടുമുളള മലയാളികള്‍ക്കും തീരാനഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.