വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കണം:ഹൈക്കോടതി

single-img
23 January 2012

വിളപ്പില്‍ശാല  മാലിന്യപ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഹൈകോടതി ഉത്തരവ്. പോലീസ്‌ സംരക്ഷണത്തോടെ പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാനാണ്‌ കോടതിയുടെ നിര്‍ദ്ദേശം. വിളപ്പില്‍ശാല പഞ്ചായത്ത്‌ പൂട്ടിയിട്ട പ്ലാന്റ്‌ പോലീസ്‌ സംരക്ഷത്തോടെ പൂട്ട്‌ പൊളിച്ച്‌ ഇന്നുതന്നെ പ്രവര്‍ത്തനം ആരംഭിക്കണം.തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മാലിന്യ പ്ലാന്‍റാണിത്. ഇതു പ്രവര്‍ത്തിക്കാതിരുന്നാല്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു.മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കണമെന്നും കോടതി വ്യക്തമാക്കി.92 ടണ്‍ മാലിന്യത്തില്‍ കൂടുതല്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കണമെന്നുമാണ് കോടതി ഉത്തരവ്.

പ്ലാന്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാന്‍റ് തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവേ സര്‍ക്കാര്‍ അറിയിച്ചിരുന്നു.