ഗണേഷ്‌കുമാറിന് എതിരേ പിള്ള അനുകൂലികളുടെ ആക്ഷേപം

single-img
23 January 2012

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പരസ്യവിമര്‍ശനവും ആരോപണങ്ങളുമായി പാര്‍ട്ടിക്കുള്ളിലെ പിള്ള അനുകൂലികള്‍ രംഗത്ത്. സംസ്ഥാന കമ്മിറ്റിയംഗം തടത്തിവിള രാധാകൃഷ്ണനും ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമാണ് മന്ത്രിയുടെ ഏകാധിപത്യ നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആര്‍.ബാലകൃഷ്ണപിള്ളയെ വെള്ളപൂശി രംഗത്തുവന്നിരിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറയുന്നത് കേരള കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകരുടെ തീരുമാനങ്ങളും ചിന്തകളുമാണ്. പാര്‍ട്ടി നേതാക്കള്‍ അഴിമതിക്കാരാണെന്ന് ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി ഗണേഷ്‌കുമാര്‍ ഇവര്‍ എന്ത് അഴിമതിയാണ് നടത്തിയതെന്ന് പരസ്യമായി പറയാന്‍ തയാറാകണം. അല്ലാത്തപക്ഷം മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിളിച്ചാല്‍ മന്ത്രി വരാറില്ല. സംസ്ഥാന-ജില്ലാ കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം കുറെ നാളുകളായി പങ്കെടുക്കാറില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജയില്‍മോചിതനായ ചെയര്‍മാന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തിലും എത്താന്‍ ഗണേഷ്‌കുമാര്‍ തയാറായില്ല.

മന്ത്രിയുടെ വകുപ്പുകളായ വനം, സ്‌പോര്‍ട്‌സ്, സിനിമ എന്നിവയുമായി ബന്ധപ്പെട്ട ജനകീയ കമ്മിറ്റികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആരെയും ഉള്‍പ്പെടുത്താന്‍ മന്ത്രി തയാറായിട്ടില്ല. മാത്രമല്ല ഔദ്യോഗിക പരിപാടിക്കിടയില്‍ പ്രവര്‍ത്തകരെ കണ്ടാല്‍ അവരെ അവഹേളിക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വിളിച്ചാല്‍പോലും മന്ത്രി ഫോണെടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യാറില്ല. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും കാണിക്കുന്ന നന്ദികെട്ട ഈ സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെയൊക്ക അടിസ്ഥാനത്തിലാണ് മന്ത്രിയെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ ചെയര്‍മാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ബാലകൃഷ്ണപിള്ളയെ പെരുന്തച്ചന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതില്‍ ദുഖമുണ്ട്.

കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാവായ പിള്ള അനുയായികളുടെ അഭിപ്രായങ്ങള്‍ കേട്ടശേഷമമേ എന്ത് തീരുമാനവും എടുക്കാറുള്ളൂ. ഈ തീരുമാനങ്ങള്‍ മന്ത്രി അനുസരിക്കാത്തതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് കാരണം. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയുടെ കൊല്ലം താലൂക്ക് സെക്രട്ടറിയായ വ്യക്തിയെയാണ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ 25000 വോട്ടിന് ജയിക്കുമായിരുന്നു എന്ന മന്ത്രിയുടെ അവകാശവാദം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ധിക്കാരമാണ്. കേരളാ കോണ്‍ഗ്രസ്-ബി എന്ന പ്രസ്ഥാനം ഇല്ലായിരുന്നെങ്കില്‍ എംഎല്‍എയോ മന്ത്രിയോ ആകാന്‍കഴിയുമായിരുന്നോയെന്ന് ഗണേഷ്‌കുമാര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.