എല്ലാ പഞ്ചായത്തുകളിലും വൈദ്യുതി ഓഫീസ്: മന്ത്രി ആര്യാടന്‍

single-img
23 January 2012

വൈദ്യുതി ബോര്‍ഡിന്റെ സെക്ഷനോ സബ് എന്‍ജിനീയര്‍ ഓഫീസോ ഓവര്‍സിയര്‍ ഓഫീസോ ഇല്ലാത്ത മുഴുവന്‍ പഞ്ചായത്തുകളിലും കറന്റ് ചാര്‍ജ് അടയ്ക്കാനുള്ള സൗകര്യത്തോടെ ഓഫീസുകള്‍ ആരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

കുറ്റിയാടിയില്‍ വച്ചു നടന്ന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലയളവില്‍ നടപ്പാക്കിയ മോഡല്‍ സെക്ഷന്‍ പരിഷ്‌കാരത്തിന്റെ ദോഷഫലങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് വന്‍സാമ്പത്തിക പ്രതിസന്ധിയിലാണ് യൂണിറ്റൊന്നിന് അഞ്ച് രൂപ മുതല്‍ 12 രൂപ വരെ നല്‍കി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന വൈദ്യുതി ശരാശരി മൂന്നു രൂപ 50 പൈസക്കാണ് വിതരണം ചെയ്യുന്നത്.

പുതിയ വൈദ്യുത പദ്ധതികള്‍ മാത്രമാണ് പ്രതിസന്ധിക്ക് പരിഹാരം. അഞ്ച് വര്‍ഷത്തിനിടയില്‍ 1000 മെഗാവാട്ട് വൈദ്യുതിയുടെ പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഡിസിസി സെക്രട്ടറി വി.എം. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി കെ.സി. രാമചന്ദ്രന്‍, അച്യുതന്‍ പുതിയെടുത്ത്. കെ. വിജയന്‍, കെ. ശശിധരന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.ടി. ജെയിംസ്, കെ.കെ. കുറ്റിയാടി, കെ.കെ. നഫീസ എന്നിവര്‍ പ്രസംഗിച്ചു.