സാലെയുടെ അസാന്നിധ്യം അധികാരകൈമാറ്റത്തിനു ഗുണകരമാകും: യുഎസ്

single-img
23 January 2012

മൂന്നു പതിറ്റാണ്ടിലധികം യെമനില്‍ ഏകാധിപത്യഭരണം നടത്തിയ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ ഇന്നലെ രാജ്യംവിട്ടതോടെ അധികാരകൈമാറ്റം സുഗമമാകുമെന്ന് വൈറ്റ്ഹൗസ്. കുറ്റവിചാരണയില്‍ നിന്നു സാലെയെ ഒഴിവാക്കുന്ന നിയമം യെമന്‍ പാലര്‍ലമെന്റ് കഴിഞ്ഞദിവസം പാസാക്കിയിരുന്നു. അധികാരകൈമാറ്റ ഉടമ്പടിയുടെ ഭാഗമായാണ് വിചാരണയില്‍ നിന്നു സാലെയെ ഒഴിവാക്കിയത്. ഇതേത്തുടര്‍ന്നാണ് സാലെ യുഎസിലേയ്ക്കു ചികിത്സയ്ക്കായി പോയത്. ജനാധിപത്യപ്രക്ഷോഭത്തിനിടെയുണ്ടായ വധശ്രമത്തില്‍ സാലെയ്ക്കു പരിക്കേറ്റിരുന്നു. സാലെയുടെ അസാന്നിധ്യം യെമനില്‍ അധികാരകൈമാറ്റം സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് ജെ കാര്‍ണി പറഞ്ഞു. അതേസമയം, യെമനില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തു സ്വാധീനം ചെലുത്താന്‍ യുഎസ് ശ്രമിക്കുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.