അര്‍ഹിക്കുന്നവര്‍ക്കെല്ലാം ബിപിഎല്‍ കാര്‍ഡ്: മുഖ്യമന്ത്രി

single-img
21 January 2012

അര്‍ഹിക്കുന്നവര്‍ക്കെല്ലാം ബിപിഎല്‍ കാര്‍ഡ് നല്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്കപരിപാടിയുടെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ നിര്‍ദേശം 17 ശതമാനം മാത്രമേ ബിപിഎല്‍ ആകാവൂ എന്നാണ്. ഈ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി റേഷന്‍ കടകളില്‍ ഉപഭോക്തൃലിസ്റ്റ് പ്രദര്‍ശിപ്പിക്കും.

വീട് ആവശ്യപ്പെട്ടുളള അപേക്ഷകളില്‍ ഏതെങ്കിലും സ്‌കീമില്‍ ഉള്‍പ്പെടുത്തി വീട് നല്കും. ഭൂമി ആവശ്യപ്പെട്ട അപേക്ഷകര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി എവിടെ ലഭ്യമാകും എന്നതിന്റെ കണക്ക് പഞ്ചായത്തുതലത്തില്‍ ശേഖരിക്കും.

സഹകരണബാങ്കില്‍നിന്നു വായ്പ എടുത്തവര്‍ കാലാവധിക്കുമുമ്പു മരിച്ചാല്‍ മാത്രമേ വായ്പ എഴുതിത്തളളാന്‍ നിലവില്‍ നിയമമുളളൂ. ഇതു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. എംപ്ലോയ്‌മെന്റില്‍ സമയത്തു പേര് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് അവസരം നല്‍കും. വിദ്യാഭ്യാസവായ്പ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്നും വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ എഴുതിത്തളളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലവിതരണത്തിനു നിലവില്‍ പണി നടക്കുന്ന പദ്ധതികള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ ഉടന്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടിനു നമ്പരിട്ടു നല്‍കുന്നതിനു നിലവിലുളള തടസം മാറ്റുന്നതിനു താത്കാലിക താമസം എന്ന നിലയില്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശിക്കും. ചെറിയ വീടുകള്‍ക്കു മാത്രമാണിത്. റേഷന്‍ കാര്‍ഡ്, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ എന്നിവ ലഭിക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മാത്രമായിരിക്കും തത്കാലിക നമ്പര്‍ നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

റീസര്‍വേ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കോട്ടയത്ത് അദാലത്തു സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത റവന്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടയം, പോക്കുവരവ്, റീസര്‍വേ പ്രശ്‌നങ്ങള്‍ ഇതില്‍ പരിഹരിക്കും.

ജനസമ്പര്‍ക്കപരിപാടിയില്‍ 76,018 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 42,291 എണ്ണം എപിഎല്‍ ബിപിഎല്‍ സംബന്ധിച്ച അപേക്ഷകളാണ്. ഇത് ഗവണ്‍മെന്റിന്റെ തീരുമാനത്തിനായി നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ 65,727 അപേക്ഷകള്‍ തീര്‍പ്പാക്കി. ബാക്കി 10,291 അപേക്ഷകള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളില്‍ നലികിയിട്ടുണ്ട്.

ജോസ് കെ. മാണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.