മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതി ഭയാനകം

single-img
21 January 2012

റൂര്‍ക്കി ഐഐടി സര്‍ക്കാരിനു സമര്‍പ്പിച്ച ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നു വ്യക്തമാക്കിയിട്ടുള്ളതായി ജലവിഭവമന്ത്രി പി.ജെ.ജോസഫ്. ഡാം പൊട്ടിയാല്‍ 12 മിനിറ്റിനകം ഡാമിന്റെ പകുതി ഭാഗം തകര്‍ന്നുവീഴും. റിക്ടര്‍ സ്‌കെയിലില്‍ ആറു രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടായാല്‍ ഡാം തകരുമെന്നാണു റിപ്പോര്‍ട്ട്.

ഡാമിനു തൊട്ടുതാഴെ 40.30 മീറ്ററിലും 36 കിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തിനു സമീപം 20.85 മീറ്ററിലും ജലം ഉയരും. വള്ളക്കടവില്‍ 26 ഉം വണ്ടിപ്പെരിയാറ്റില്‍ 31 ഉം ഇടുക്കി ഡാമില്‍ 128 ഉം മിനിട്ടിനകവും വെള്ളമെത്തും. ഡാം തകര്‍ന്നാല്‍ ഡാമിന്റെ 50 മീറ്റര്‍ താഴെ സമുദ്രനിരപ്പില്‍ നിന്ന് 866 മീറ്റര്‍ ഉയരത്തിലും വള്ളക്കടവില്‍ 854 മീറ്റര്‍ ഉയരത്തിലും ഇടുക്കിയില്‍ 767.26 മീറ്റര്‍ ഉയരത്തിലായിരിക്കും വെള്ളമെത്തുമെന്നു മന്ത്രി ജോസഫ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെയുള്ള വെള്ളപ്പാച്ചിലിന്റെ വിവരം സംബന്ധിച്ച റിപ്പോര്‍ട്ടാണു നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് തുടങ്ങിയ അണ ക്കെട്ടുകളുടെ ഡാം ബ്രേക്ക് അനാലിസിസും ആ ഡാമുകളില്‍നിന്ന് അറബി കടലിലേക്കുള്ള വെള്ളപ്പാച്ചിലും സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനാണു റൂര്‍ക്കി ഐഐടിയോടു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇവര്‍ നൂറു പേജുള്ള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചിരിക്കുന്നത്.

ബാക്കി ഭാഗത്തിന്റെ റിപ്പോര്‍ട്ട് മേയ് മാസത്തില്‍ സമര്‍പ്പിക്കും. പഠനത്തിനായി വണ്‍ ഡൈമന്‍ഷണല്‍ ഹൈഡ്രോ ഡൈനാമിക് മോഡലിംഗാണ് ഉപയോഗിച്ചത്. അമേരിക്കയിലെ ഹൈഡ്രോളജിക് എന്‍ജിനിയറിംഗ് സെന്റര്‍ വികസിപ്പിച്ചെടുത്ത എച്ച്.ഇ.സി- ആര്‍എംഎസ് വേര്‍ഷന്‍ 4.10 ഉപയോഗിച്ചാണു ഡാം ബ്രേക്ക് അനാലിസിസ് നടത്തിയത്.

അമേരിക്കയിലെ ഫെഡറല്‍ എനര്‍ജി റെഗുലേറ്ററി കമ്മീഷന്‍, അമേരിക്കന്‍ ബ്യൂറോ ഓഫ് റിക്ലമേഷന്‍ എന്നിവ നല്‍കിയിരിക്കുന്ന ബ്രീച്ച് ഗൈഡ് ലൈന്‍സും ഉപയോഗിച്ചിട്ടുണ്ട്.

റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ വെളിച്ചത്തില്‍ വിശദമായ അവലോകനത്തിനു സെസിനെ ഏര്‍പ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ജലവിഭവ വകുപ്പ് റവന്യു വകുപ്പുമായി ചേര്‍ന്നു മുന്‍കരുത ല്‍ സ്വീകരിക്കും. റവന്യു വകുപ്പിന്റെ കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ചേര്‍ന്നാ ണു പ്രവര്‍ത്തനം നടത്തുന്നതെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഡാം പണിയണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നു ജോസഫ് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഫെബ്രുവരി ഒന്നിനു കേരള കോണ്‍ഗ്രസ് എം യോഗം ചേരും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ സാധിച്ചി ല്ലെങ്കില്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നിനു എല്ലാം തീരുമാനിക്കുമെന്നു ജോസഫ് വ്യക്തമാക്കി.

1979-ല്‍ സെന്റര്‍ വാട്ടര്‍ കമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നു വ്യക്തമാക്കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് 1300 അടി താഴെ പുതിയ ഡാമിനു സ്ഥലം നിശ്ചയിച്ചതുമാ ണ്. ഫെബ്രുവരി 29 ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കും.