അതിവേഗ റെയില്‍വേക്കു കേന്ദ്രസഹായം കിട്ടും

single-img
20 January 2012

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള അതിവേഗ റെയില്‍പാതയ്ക്ക് സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രം നിര്‍ദേശിച്ചതനുസരിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) കേരളം ചുമതലപ്പെടുത്തി. തിരുവനന്തപുരത്തുനിന്നു കൊച്ചി വരെയുള്ള ഒന്നാം ഘട്ടത്തിന് 40,000 കോടി രൂപയും അവിടെനിന്ന് കാസര്‍കോട്ടേക്ക് 1,18,000 കോടി രൂപയും ചെലവു വരുമെന്നാണു പ്രാഥമിക കണക്ക്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലാണു കേരളത്തെ തെക്കുവടക്കായി ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പ്പാതയുടെ ഒന്നാം ഘട്ടത്തിനു തീരുമാനമായത്. പദ്ധതി റെയില്‍വേയുടെ തന്നെയായി ഏറ്റെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം അനുകൂലമായി പരിശോധിക്കാമെന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ പറഞ്ഞു.

ആറു മാസത്തികം ഡിഎംആര്‍സി വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പദ്ധതി പ്രായോഗികമായി സാധ്യമാണോയെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണു പ്രാഥമിക പഠനം നടത്തിയത്. പഠനത്തില്‍ പദ്ധതി സാധ്യമാണെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നു കേന്ദ്രസഹായം അഭ്യര്‍ഥിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖറും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധപ്പെട്ടവരുടെ ഉന്നതതല യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി മുന്‍കൈയെടുത്തത്. ചീഫ് സെക്രട്ടറിക്കു പുറമേ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ കമ്പനി എംഡി ടി. ബാലകൃഷ്ണനും സ്‌പെഷല്‍ കമ്മീഷണര്‍ ഏലിയാസ് ജോര്‍ജും യോഗത്തില്‍ പങ്കെടുത്തു.