മാലിന്യവണ്ടികള്‍ ഇന്നും തടഞ്ഞു; ചേലോറയില്‍ സംഘര്‍ഷാവസ്ഥ

single-img
20 January 2012

കണ്ണൂര്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഇന്നും നാട്ടുകാര്‍ തടഞ്ഞു. സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള 300 ലധികം നാട്ടുകാര്‍ സംഘടിച്ചാണു മാലിന്യം തള്ളുന്നത് തടഞ്ഞത്.

മാലിന്യവണ്ടികള്‍ വരുന്നതിനു മുമ്പേ സമരക്കാര്‍ റോഡിലൂടെ പ്രകടനം ആരംഭിച്ചിരുന്നു. പോലീസ് കാവലില്‍ 10.15 ഓടെ എത്തിയ രണ്ടുലോറി മാലിന്യം സമരക്കാര്‍ ഗേറ്റ് ഉപരോധിച്ച് തടയുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത നീക്കിയശേഷം സ്ഥലത്ത് ഇന്നും മാലിന്യം തള്ളി. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.

ഇന്നലെയും മാലിന്യവണ്ടികള്‍ തടഞ്ഞ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സമരപന്തലും പോലീസ് പൊളിച്ചുനീക്കിയിരുന്നു. പോലീസ് പൊളിച്ചുനീക്കിയ സമരപന്തല്‍ പുനഃസ്ഥാപിച്ചിട്ടില്ല. മാലിന്യം ചേലോറയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് സമരസമിതി. സമരക്കാര്‍ക്കെതിരേ പോലീസ് കള്ളക്കേസെടുത്തതായി സമരസമിതി ചെയര്‍മാന്‍ ചാലോടന്‍ രാജീവന്‍ ആരോപിച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കു മാലിന്യവണ്ടികള്‍ പ്രവേശിക്കുന്നതു തടഞ്ഞതിന് റോഡ് ഉപരോധിച്ചുവെന്ന പേരിലാണു പോലീസ് കേസെടുത്തത്. ഇത്തരം നടപടികള്‍ കൊണ്ട് സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ക്കാവില്ലെന്നും രാജീവന്‍ പറഞ്ഞു.

ഇതേസമയം സമരത്തിനു സിപിഎം പിന്തുണ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം ശബരീഷ്‌കുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗം സി.കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങളെക്കുറിച്ച് ഇതുവരെ നഗരസഭ വ്യക്തമാക്കിയിട്ടില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.