ഇറാന്റെ ആരോപണം ആണവോര്‍ജ ഏജന്‍സി തള്ളി

single-img
20 January 2012

ഇറാനിലെ ആണവശാസ്ത്രജ്ഞന്‍ അഹമ്മദി റോഷന്റെ കൊലപാതകത്തില്‍ പങ്കുണ്‌ടെന്ന ആരോപണം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിഷേധിച്ചു. യുഎന്നിലെ ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഇസഹാഖ് അല്‍ ഹബീബ് ആണ് കഴിഞ്ഞ ദിവസം ഈ ആരോപണമുന്നയിച്ചത്.

അഹമ്മദി റോഷന്‍ അടുത്തിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥരെ കണ്ടിരുന്നതായും ഇദ്ദേഹത്തെക്കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതില്‍ ഏജന്‍സിക്കും പങ്കുണ്ടാകാമെന്നായിരുന്നു ആരോപണം. ഏജന്‍സിക്ക് റോഷനെ അറിയില്ലെന്നും റോഷന്റെ പേര് പുറത്തുവിട്ടിട്ടില്ലെന്നും ഏജന്‍സി വക്താവ് ഗില്‍ ടൂഡര്‍ പറഞ്ഞു. ഒരു തരത്തിലും സംഭവത്തില്‍ പങ്കില്ലെന്നും ടൂഡര്‍ വ്യക്തമാക്കി.

കാറില്‍ കാന്തിക ബോംബ് ഘടിപ്പിച്ചായിരുന്നു അഹമ്മദി റോഷനെ വധിച്ചത്. സംഭവത്തിന് പിന്നില്‍ യുഎസും ഇസ്രയേലുമാണെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.