അഫ്ഗാനിലേയ്ക്കുള്ള നാറ്റോ പാതകള്‍ തുറക്കില്ലെന്ന് പാക്കിസ്ഥാന്‍

single-img
19 January 2012

പാക് അതിര്‍ത്തിയില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതേത്തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ അടച്ച അഫ്ഗാനിലേയ്ക്കുള്ള പാതകള്‍ നാറ്റോയ്ക്കു തുറന്നുനല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാനിലെ നാറ്റോ സൈനികര്‍ക്ക് ആയുധങ്ങളും ഭക്ഷ്യസാമഗ്രികളും എത്തിക്കുന്ന അതിര്‍ത്തിയിലെ പ്രവേശന കവാടങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് പാക് അധികൃതര്‍ അറിയിച്ചു. പാക് വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിതാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ നാറ്റോ ആക്രമണത്തേത്തുടര്‍ന്ന് യുഎസിന്റെ വിശദീകരണങ്ങള്‍ക്കൊന്നും പാക്കിസ്ഥാനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താനിരുന്ന യുഎസിന്റെ പ്രത്യേക പ്രതിനിധി മാര്‍ക്ക് ഗ്രോസ്മാന്റെ യാത്ര മാറ്റിവയ്ക്കാന്‍ പാക് അധികൃതര്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സംബന്ധിച്ച് പാര്‍ലമെന്റിന്റെ അവലോകനത്തിനു ശേഷം ഗ്രോസ്മാന്‍ സന്ദര്‍ശനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പാക് അധികൃതര്‍.