സേനാധിപനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു

single-img
18 January 2012

ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ കരസേനാ മേധാവി വി.കെ. സിംഗിനെതിരേ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു നീങ്ങുന്നതിനിടെ, സിംഗിനെ പ്രതിരോധ സെക്രട്ടറി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. സര്‍ക്കാരിനെതിരേ സേനാ മേധാവി സുപ്രീംകോടതിയെ സമീപിച്ചത് ആരോഗ്യകരമായ നടപടിയല്ലെന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി പള്ളം രാജു വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

സേനാധിപനും സെക്രട്ടറിയും തമ്മില്‍ 30 മിനിറ്റു നീണ്ടുനിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പിന്‍വലിക്കുന്നതിനുള്ള സമ്മര്‍ദമാണ് പ്രതിരോധ സെക്രട്ടറി നടത്തിയതെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. പ്രതിരോധമന്ത്രിക്കു സേനാ തലവന്‍ അയച്ച കത്ത് മാധ്യമങ്ങള്‍ക്കു നല്‍കിയതിലുള്ള അതൃപ്തിയും പ്രതിരോധ സെക്രട്ടറി എസ്.കെ. ശര്‍മ, സിംഗിനെ അറിയിച്ചു. അതേസമയം, വി.കെ. സിംഗിനു പകരം നിയോഗിക്കുന്നതിനായി പരിഗണിക്കേണ്ടവരുടെ പട്ടിക പ്രതിരോധ മന്ത്രാലയം തയാറാക്കുന്നുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സേനാ മേധാവി വി.കെ. സിംഗിനെതിരേ കടുത്ത നടപടിയെടുക്കണമെന്നു ിസര്‍ക്കാരിലെ ഒരു വിഭാഗവും ഒരു വിഭാഗം വാദിക്കുന്നു.

ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ വി.കെ. സിംഗിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് പുതിയ സേനാ മേധാവിയെ നിയോഗിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണെ്ടന്നും അറിയുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നതിനിടയിലും തന്റെ യഥാര്‍ഥ ജനനത്തീയതിയായ 1951 മേയ് 10 എന്നതു തന്നെ വിരമിക്കല്‍ കാര്യത്തിലും പരിഗണിക്കണമെന്നാണ് വി.കെ. സിംഗ് വാദിക്കുന്നത്. എന്നാല്‍, സിംഗ് തന്നെ തന്റെ സര്‍വീസിനിടയില്‍ അംഗീകരിച്ചിട്ടുള്ളതും റിക്കാര്‍ഡില്‍ ഉള്‍പ്പെടുത്തിയതുമായ 1950 മേയ് 10 എന്നതു മാത്രമേ അംഗീകരിക്കാനാവൂയെന്നു മന്ത്രാലയവും വ്യക്തമാക്കുന്നു.