ഡേവിഡ് ബെക്കാം ഗാലക്‌സിയില്‍ തുടരും

single-img
18 January 2012

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഇപ്പോള്‍ കളിക്കുന്ന ലോസ് ആഞ്ചല്‍സ് ഗാലക്‌സി ടീമില്‍ തന്നെ തുടരും. ഗാലക്‌സി ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ബെക്കാം ഒപ്പുവച്ചു.

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജെര്‍മയിനിലേയ്ക്കു മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഗാലക്‌സിയില്‍ തുടരാന്‍ തീരുമാനിച്ചതായി ബെക്കാം വ്യക്തമാക്കി. 2007ല്‍ റയല്‍ മാഡ്രിഡില്‍ നിന്നുമാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഗാലക്‌സിയിലെത്തുന്നത്. ലോകത്തിലെ നിരവധി ക്ലബ്ബുകളില്‍ നിന്നു ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും ഗാലക്‌സിയ്ക്കു വേണ്ടി കളി ജയിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ബെക്കാം പറഞ്ഞു. 1993 ല്‍ ലോകോത്തര ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയാണ് ബെക്കാം പന്തു തട്ടാന്‍ തുടങ്ങിയത്. 2003 വരെ ബെക്കാം യുണൈറ്റഡില്‍ തുടര്‍ന്നു. 2003ലാണ് റയലിലേയ്ക്കു ബെക്കാം ചുവടുമാറ്റുന്നത്. 2007വരെ റയലില്‍ നിന്ന ബെക്കാം പിന്നീടാണ് ഗാലക്‌സിയില്‍ എത്തുന്നത്. ഇതിനിടെ, 2009ലും 2010ലും വായ്പാഇനത്തില്‍ മിലാനു വേണ്ടി ബെക്കാം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.