സരോജ് കുമാറിന്റെ പരിഹാസം അതിരു കടന്നു, ശ്രീനിവാസന് നേരെ ‘സൂപ്പര്‍’ അമര്‍ഷം

single-img
17 January 2012

കോഴിക്കോട്: ശ്രീനിവാസന്‍ തിരക്കഥയെഴുതിയ സിനിമ പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ സൂപ്പര്‍താരങ്ങള പരിഹസിക്കുന്നതില്‍ അതിരുകടന്നുവെന്ന ആരോപണവുമായി ശ്രീനിവാസന് നേരെ കടുത്ത വിമര്‍ശനം. സിനിമാലോകത്തുനിന്നുതന്നെയാണ് ശ്രീനിവാസന്‍ വിമര്‍ശനങ്ങളെ നേരിടുന്നത്. മലയാളത്തിലെ പ്രമുഖ സൂപ്പര്‍ താരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുന്ന സിനിമ താരങ്ങളുടെ വീടുകളിലെ റെയ്ഡും ആനക്കൊമ്പും പട്ടാള പദവി ലബ്ധിയും വരെ പരിഹാസവിധേയമാക്കുന്നുണ്ട്.

ഇതാണ് സൂപ്പര്‍ താരങ്ങളുടേതടക്കമുള്ള നീരസത്തിന് ഇടയാക്കിയത്. ഒരു പ്രമുഖ താരത്തിന്റെ സുഹൃത്തും ഡ്രൈവറും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അറിയുന്നു. എസ്.കുമാര്‍ ഈ വിവരം ഇന്നലെ ഒരു സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ പരിധിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ശ്രീനിവാസന്‍. മമ്മൂട്ടിയും മോഹന്‍ലാലുമായി അടുത്ത സുഹൃത്ബന്ധം പുലര്‍ത്തുന്ന ശ്രീനിവാസന്‍ ഇങ്ങിനെ അതിരുവിട്ട് പരിഹാസം ചൊരിയുന്നത് മലയാള സിനിമക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന അഭിപ്രായമാണ് സിനിമാപ്രവര്‍ത്തകര്‍ക്കുള്ളത്.

വളരുന്നവര്‍ക്കുള്ള അംഗീകാരമാണ് ഇത്തരം വിമര്‍ശനമെന്നാണ് ഈ സിനിമാ പിന്നണിയിലുള്ളവരുടെ വാദം. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ നേടിയ വിജയത്തെ കോപ്പിയടിക്കുകയാണ് ശ്രീനിവാസനെന്നും ആക്ഷേപമുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ വരാനിരിക്കുന്ന സിനിമയിലെ ഒരു ഗാനത്തെ ഓര്‍മിപ്പിക്കുന്ന ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. വിവാദത്തെ മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമം പക്ഷെ മലയാള സിനിമാലോകം തന്നെ തടയുമെന്നാണ് സൂചന. വാഗ്വാദങ്ങളും തമ്മില്‍ത്തല്ലും വിലക്കുകളും കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന മലയാളസിനിമയെ പ്രമേയം കൊണ്ടുതന്നെ പ്രഹരിക്കുകയാണ് പത്മശ്രീ ഭരത് ഡോ.സരോജ്കുമാര്‍.

കോമാളിത്തരവും പരിഹാസവും അതിരുവിട്ട മലയാള സിനിമാമേഖലയില്‍ പുതിയ വിവാദമാണ് ‘സരോജ്കുമാര്‍’ ഉയര്‍ത്തുന്നത്. പൃഥിരാജ്, സന്തോഷ്പണ്ഡിറ്റ് എന്നിവര്‍ക്ക് സോഷ്യല്‍നെറ്റ്‌വര്‍ക്ക് വഴി നേരിടേണ്ടിവന്ന പരിഹാസം മലയാള സിനിമയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം ഇകഴ്ത്തലുകള്‍ക്കെതിരെ അടുത്തിടെ പൃഥിരാജ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.