എല്‍ഡിഎഫിന് വികസന പദ്ധതികള്‍ തടസപ്പെടുത്തുന്ന നയം: വയലാര്‍ രവി

single-img
16 January 2012

പിറവം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെയെല്ലാം എതിര്‍ക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.

പിറവം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷം നാടിന്റെ വികസനത്തെ തടസപ്പെടുത്തിക്കൊണ്ടുള്ള ഭരണമായിരുന്നു എല്‍ഡിഎഫിന്റേത്.

ചേര്‍ത്തലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയും, സ്മാര്‍ട് സിറ്റിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. സമീപ സംസ്ഥാനങ്ങള്‍ വികസനകുതിപ്പില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ കേരളം പിന്നോട്ടായത് എല്‍ഡിഎഫിന്റെ ഭരണം മൂലമായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞു.

കേരളത്തില്‍ പട്ടിണിയും ദാരിദ്രവുമെല്ലാം ഇല്ലാതാക്കാനുള്ള പദ്ധതികളാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നാടിന്റെ വളര്‍ച്ചയ്ക്ക് വികസന നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് സംസ്ഥാനത്ത് ആസൂത്രണം ചെയ്യുന്നത്. ടി.എം. ജേക്കബ് നാടിന്റെ ഭരണകര്‍ത്താവ് എന്ന നിലയില്‍ മികവ് തെളിയിച്ച വ്യക്തിയാണ്.

അദ്ദേഹത്തെ പ്രതിപക്ഷം കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയായിരുന്നു. ഒടുവില്‍ ഇത് കളവാണന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ സുപ്രീം കോടതി വെറുതെ വിടുകയും ചെയ്തു. ടി.എം. ജേക്കബിന്റെ വികസന സ്വപ്നങ്ങളുടെ പൂര്‍ത്തീകരണം അനൂപ് ജേക്കബിലൂടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളു. അനൂപിന്റെ വിജയം യുഡിഎഫിന് സംസ്ഥാനത്ത് അനിവാര്യമാണന്നും വയലാര്‍ രവി പറഞ്ഞു.