മുല്ലപ്പെരിയാര്‍: നാളെ ഹര്‍ത്താല്‍

single-img
16 January 2012

കട്ടപ്പന: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ നാളെ. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. കേരള കോണ്‍ഗ്രസ് -എമ്മും സിപിഎം, സിപിഐ ജില്ലാകമ്മിറ്റികളും വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ ഘടകവും വിവിധ സാമൂഹ്യസംഘടനകളും ഹര്‍ ത്താലിനു ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു.

2006 ഡിസംബര്‍ 25-നു മുല്ലപ്പെരിയാര്‍ സമര സമിതി ആരംഭിച്ച റിലേ ഉപവാസസമരത്തിന്റെ ഗതിമാറിയതു കഴിഞ്ഞ നവംബര്‍ 27-നു ചപ്പാത്തിലെ സമരപ്പന്തലില്‍ ഇ.എസ്. ബിജിമോളും തിരുവനന്തപുരം എജീസ് ഓഫീസ് പടിക്കല്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും ഡല്‍ഹിയില്‍ പി.ടി. തോമസ് എംപിയും നിരാഹാരസമരം ആരംഭിച്ചതോടെയാണ്. എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ വിവിധ കക്ഷിനേതാക്കളും മതസംഘടനാ നേതാക്കളും സാമൂഹ്യ സംഘടനാ പ്രതിനിധികളും ആരംഭിച്ച അനിശ്ചിതകാല സമരം കേരളമാകെ ഏറ്റെടുക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് എന്നിവിടങ്ങളിലും അനിശ്ചിതകാല നിരാഹാര സമരവും നെടുങ്കണ്ടം, കരിമ്പന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റിലേ ഉപവാസ സമരവും ആരംഭിച്ചു.

ഡിസംബര്‍ 14-നു കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തിയതിനുശേഷം സമരഗതിയില്‍ മാറ്റംവന്നു. കോണ്‍ഗ്രസ് 14-നുതന്നെ പ്രത്യക്ഷ സമരത്തില്‍നിന്നു പിന്മാറി. പിന്നീട് കേരള കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് ഒരുമാസം സാവകാശം അനുവദിച്ചാണു ചില സംഘടനകള്‍ അനിശ്ചിതകാല ഉപവാസ സമരത്തില്‍നിന്നു പിന്മാറിയത്. ഇതനുസരിച്ച് ഈ 15-ന് ഒരുമാസം പിന്നിട്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല.

പ്രധാനമന്ത്രി ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായും പ്രശ്‌നം ചര്‍ച്ചചെയ്തുവെന്നതും കേരള മുഖ്യമന്ത്രി ബാംഗളൂരില്‍ തമിഴ്‌നാടു മന്ത്രി പനീര്‍ സെല്‍വവുമായി ചര്‍ച്ചനടത്തിയതുമൊഴിച്ചാല്‍ കഴിഞ്ഞഒരുമാസം പ്രശ്‌നപരിഹാരത്തിനായുള്ള നടപടി കളൊന്നും ഉണ്ടായില്ല.

ഇതിനിടയില്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. അണക്കെട്ടിന്റെ ബലം പരിശോധിക്കുന്നതിന് അണക്കെട്ടു തുരന്ന് സാമ്പിളുകള്‍ ശേഖരിച്ചുള്ള പരിശോധന നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചചെയ്തു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഇതുവരെ വേദിയുണ്ടായിട്ടില്ലെന്നതാണു പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള എംപിമാരും മുന്‍ മുഖ്യമന്ത്രി കരുണാനിധിയും പീരുമേടു താലൂക്കും ദേവികുളം താലൂക്കും തമിഴ്‌നാടിന്റേതാക്കണമെന്നു പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു.

ഇതുകൂടാതെ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രിയും തമിഴ്‌നാടിന്റെ പക്ഷം ചേര്‍ ന്നിരിക്കുകയാണ്.