നാലാം ടെസ്റ്റിനു ശേഷം ടീമില്‍ ലക്ഷ്മണുണ്ടാകില്ലെന്നു സൂചന

single-img
15 January 2012

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കു ശേഷം ഇന്ത്യ അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ വിവിഎസ് ലക്ഷ്മണിന്റെകൂടി അവസാന ടെസ്റ്റ് ആയേക്കാമെന്നു ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു ലക്ഷ്മണ്‍. എന്നാല്‍, ഓസീസിനെതിരായ മൂന്നു ടെസ്റ്റുകളിലും നടത്തിയ മോശം പ്രകടനം അദ്ദേഹത്തിന്റെ പുറത്താകലിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. പെര്‍ത്തില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ലക്ഷ്മണ്‍ പൂജ്യത്തിനാണ് പുറത്തായത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രംതന്നെ മാറ്റിയ നിരവധി മികച്ച പ്രകടനങ്ങള്‍ ഇന്നും ലക്ഷ്മണിനു സ്വന്തമാണ്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് 2001-ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസീസിനെതിരേ 281 റണ്‍സ് നേടിയത്. ലക്ഷ്മണിന്റെ ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന റണ്‍സുകൂടിയാണിത്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ആറ് ഇന്നിംഗ്‌സിലെ ലക്ഷ്മണിന്റെ ശരാശരി 17 മാത്രമാണ്. 28 ടെസ്റ്റിലായി ആറ് സെഞ്ചുറികളടക്കം 50.65 ആണ് ലക്ഷ്മണിന്റെ ഓസ്‌ട്രേലിയയിലെ മാത്രം ശരാശരി. കഴിഞ്ഞ വര്‍ഷം അവസാനം ഇംഗ്ലണ്ടിനെതിരായി നടന്ന ടെസ്റ്റിലും ലക്ഷ്മണ്‍ മോശം പ്രകടനമാണു കാഴ്ചവച്ചത്. 2009ല്‍ ആറു ടെസ്റ്റുകളില്‍ നിന്നായി 471 നേടിയ ലക്ഷ്മണ്‍ 67.28 എന്ന ശരാശരി തന്നെ 2010ലും കണെ്ടത്തിയിരുന്നു. 133 ടെസ്റ്റുകളില്‍ നിന്നു 17 സെഞ്ചുറികളും 56 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 46.17 ശരാശരിയില്‍ 8,728 റണ്‍സ് നേടിയിട്ടുണ്ട്.