ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

single-img
15 January 2012

ശബരിമല: ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സന്ധ്യക്കു ശബരിമല അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോഴാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ വൈകിട്ട് 6.40 ഓടെ മൂന്ന് തവണ ജ്യോതി ദൃശ്യമായത്. മകരജ്യോതി ദൃശ്യമായതോടെ ഭക്തിനിര്‍ഭരമായ മനസുകളുമായി കാത്തിരുന്ന ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് ശരണമന്ത്രങ്ങള്‍ മുഴങ്ങി.

Support Evartha to Save Independent journalism

തിരുവാഭരണവിഭൂഷിതനായ ശ്രീഭൂതനാഥനെ തൊഴുത് ഭക്തലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശന സായൂജ്യത്തോടെ മലയിറങ്ങി. ആറരയോടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച് തിരുവാഭരണപ്പെട്ടി ശ്രീകോവിലിലേക്കു കൊണ്ടുപോയി. തിരുവാഭരണം ചാര്‍ത്തി നടതുറന്ന് ദീപാരാധന തുടങ്ങിയപ്പോള്‍ മകരവിളക്കു തെളിഞ്ഞു.

ശബരിമല കൂടാതെ ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, ഉപ്പുപാറ, പത്തനംതിട്ടയിലെ ആങ്ങമൂഴി, പഞ്ഞിപ്പാറ, അട്ടത്തോട് എന്നിവിടങ്ങളിലും തീര്‍ഥാടകര്‍ ജ്യോതി ദര്‍ശനം നടത്തി.