മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി അശ്വിനികുമാര്‍

single-img
15 January 2012

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തെ പിന്താങ്ങി കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി അശ്വനി കുമാര്‍ രംഗത്തെത്തി. ഡാമിനെക്കുറിച്ചു പഠനം നടത്തിയ വിദഗ്ധ സമിതി അണക്കെട്ടു ദുര്‍ബലമല്ലെന്നു കണെ്ടത്തിയിട്ടുണെ്ടന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേരളത്തിനു വിരുദ്ധമായ നിലപാടു സ്വീകരിച്ചത്. അണക്കെട്ട് കൂടുതല്‍ ബലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതാധികാര സമിതി അംഗങ്ങളായ സി.ഡി. തട്ടെയും ഡി.കെ. മേത്തയുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠനം നടത്തിയത്.

പുതിയ അണക്കെട്ടു വേണമെന്ന കേരളത്തിന്റെ ആവശ്യം തീരെ അവഗണിക്കുന്ന തരത്തിലു ള്ള താണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.അടിക്കടി ഭൂചലനമുണ്ടാകുന്ന പശ്ചാത്തലത്തിലാണു പുതിയ അണക്കെട്ടിനുവേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയത്. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടും കേരളത്തിലെ സര്‍വകക്ഷി സംഘവും പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കാനുള്ള പ്രധാന മന്ത്രിയുടെ ശ്രമം തമിഴ്‌നാടിന്റെ നിസഹകരണത്തില്‍പാളി. കോടതിക്കു പുറത്തു ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് അതിനു തയാറായില്ല.

നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരവും പുതിയ ഡാം നിര്‍മിക്കുന്നതിനെ എതിര്‍ത്തു രംഗത്തു വന്നിരുന്നു. മുല്ലപ്പെരിയാറിനെച്ചൊല്ലി കേരളം ബഹളമുണ്ടാക്കുന്നതു പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നു ചിദംബരം പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്നും പ്രസ്താവിച്ചു. ഈ പ്രസ്താവന പിന്നീട് ചിദംബരത്തിനു പിന്‍വലിക്കേണ്ടി വന്നു.