ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചു

single-img
14 January 2012

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് – ബി നേതൃയോഗത്തില്‍ മന്ത്രി കെ.ബി.ഗണേഷേകുമാറിനെതിരെ രൂക്ഷ വിമര്‍ശനം. വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചു. രാജി സന്നദ്ധത താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്‌ടെന്ന് ഗണേഷ്‌കുമാര്‍ യോഗത്തെ അറിയിച്ചു.

തന്നോടും പാര്‍ട്ടിയോടും ആലോചിക്കാതെ മന്ത്രിയെന്ന നിലയില്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ള യോഗത്തില്‍ ആരോപിച്ചു. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന ഗണേഷിനെക്കൊണ്ട് പാര്‍ട്ടിയ്ക്ക് യാതൊരു ഗുണവുമില്ലെന്നും ബാലകൃഷ്ണപിള്ള തുറന്നടിച്ചു.

പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പാനലില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ഗണേഷ്‌കുമാറിന്റെ പേരുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായി. ഗണേഷിന്റെ മറുപടിയ്ക്കുശേഷം ഗണേഷിന് അനുകൂലമായി മുദ്രാവാക്യം വിളികളുയരുകയും യോഗത്തില്‍ ബഹളം ആരംഭിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും യോഗം ചേരുമെന്ന് ബാലകൃഷ്ണപിള്ള പിന്നീട് അറിയിച്ചു.